നിറ്റ ജലാറ്റിൻ കമ്പനിയിൽ സ്ഫോടനം; ഒരാൾ മരിച്ചു
തൃക്കാക്കര: കാക്കനാട് കിൻഫ്രയ്‌ക്ക് സമീപം നിറ്റ ജലാറ്റിൻ കമ്പനിയിൽ സ്ഫോടനം. ചൊവ്വാഴ്ച രാത്രി എട്ടിനാണ് അപകടം. ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പഞ്ചാബ് സ്വദേശി രാജൻ ഒറംഗാണ് (30) മരിച്ചത്. ബോയിലറിൽ വിറക് അടുക്കുന്ന കരാർ ജീവനക്കാരനായിരുന്നു രാജൻ.

രാജൻറെ രണ്ട് കൈയും കാലും അറ്റുപോയി. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാലുപേർ പരിക്കുകളോടെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കമ്പനി ഓപ്പറേറ്ററായ ഇടപ്പള്ളി സ്വദേശി വി പി നജീബ്, കരാർ തൊഴിലാളികളുടെ സൂപ്പർവൈസർ കാക്കനാട് തോപ്പിൽ സ്വദേശി സനീഷ്, അതിഥിത്തൊഴിലാളികളായ കൗഷിബ്, പങ്കജ് എന്നിവരാണ് ചികിത്സയിലുള്ളത്.


നജീബിൻറെയും സനീഷിൻറെയും നില ഗുരുതരമാണ്. കെമിക്കൽ ബോട്ടിലുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. തൊഴിലാളികൾ ഇതിനുസമീപത്തുള്ള നടപ്പാതയിലൂടെ പോകുന്ന സമയത്താണ് പൊട്ടിത്തെറി നടന്നതെന്നാണ് നിഗമനം. തൃക്കാക്കര അസി. കമീഷണർ പി വി ബേബിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവം നടക്കുമ്പോൾ മുപ്പതോളം തൊഴിലാളികൾ കമ്പനിയിലുണ്ടായിരുന്നു.

ഉഗ്രശബ്‌ദവും തീയും; ഞെട്ടൽ മാറാതെ ജോസഫ്

നിറ്റാ ജലാറ്റിൻ കമ്പനിയിലെ അപകടം നടന്നയിടത്തേക്ക് ആദ്യം ഓടിയെത്തിയ മെയിൻറനൻസ് ഫിറ്റർ സി എസ് ജോസഫിന് ഞെട്ടൽ മാറിയിട്ടില്ല. അപകടം നടക്കുമ്പോൾ കമ്പനിയിലെ മറ്റൊരു വശത്തായിരുന്നു ജോസഫ്. ഉഗ്രശബ്ദം കേട്ട് ഓടിയെത്തുമ്പോൾ കണ്ട കാഴ്ച ഒരാൾ മരിച്ചുകിടക്കുന്നതാണ്. ചോരയിൽമുങ്ങി മറ്റു രണ്ടുപേരും.

അപകടത്തിൽപ്പെട്ടവർക്ക് പ്രഥമശുശ്രൂഷ നൽകാനുള്ള പരിശീലനം ലഭിച്ചതിനാൽ പതറാതെ പരിക്കേറ്റവരുടെ അടുത്തേക്ക് ചെല്ലാനായെന്ന് ജോസഫ് പറഞ്ഞു. പരിക്കേറ്റവരെ കമ്പനിയിലെ സ്ട്രക്‌ചർ കൊണ്ടുവന്ന് അതിൽക്കിടത്തി ഗേറ്റിൽ എത്തിച്ചാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞയുടൻ സഹപ്രവർത്തകനും സിപിഐ (എം) തൃക്കാക്കര ലോക്കൽ സെക്രട്ടറിയുമായ സാജലും കമ്പനിയിലെത്തി ആവശ്യമായ സഹായം ലഭ്യമാക്കി.
