എലത്തൂർ വിജിൽ നരഹത്യാ കേസിൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള പരിശോധന ഇന്ന് തുടരും

കോഴിക്കോട് എലത്തൂർ വിജിൽ നരഹത്യാ കേസിൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ അതീവ ദുഷ്കരമാണ് പരിശോധന. വിജിലിനെ കല്ലു വെച്ച് താഴ്ത്തി എന്നു പറയുന്ന ചതുപ്പിലേക്ക് മണ്ണ് മാന്തിയന്ത്രം എത്തിക്കാനായുള്ള റോഡിൻ്റെ പണി ഏകദേശം പൂർത്തിയായി. മഴയായതിനാൽ പ്രദേശത്ത് വെള്ളക്കെട്ടുണ്ട്. ഈ വെള്ളം വറ്റിച്ചതിനുശേഷം മാത്രമേ കൂടുതൽ പരിശോധനകളിലേക്ക് കടക്കാൻ പറ്റൂള്ളൂ. അതേസമയം രണ്ടു പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് കഴിയും. കോടതിയിൽ ഹാജരാക്കിയതിനു ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിൽ തിരോധാന കേസിൽ വിജിലിനെ സുഹൃത്തുക്കൾ കുഴിച്ചുമൂടി എന്നാണ് വെളിപ്പെടുത്തൽ. 2019 മാർച്ച് മാസത്തിലായിരുന്നു കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിലിനെ കാണാതാവുന്നത്. കാണാതായതിനെ തുടർന്ന് വിജിലിന്റെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിലാണ് വിജിൽ മരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. സുഹൃത്തുക്കളുമായുള്ള മദ്യപാനത്തിനിടെ, ഒന്നാംപ്രതി നിഖിൽ ബ്രൗൺഷുഗർ അമിതമായി കുത്തിവച്ചത് മരണത്തിനിടയാക്കി.മരണം ആരുമറിയാതിരിക്കാൻ, മൃതദേഹം കോഴിക്കോട് സരോവരം പാർക്കിലുള്ള ചതുപ്പിൽ കുഴിച്ചുമൂടിയെന്നാണ് പ്രതികളുടെ മൊഴി.


