തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ; തൃശ്ശൂർ പൂരത്തിന് വിളംബരമായി

പതിനായിരങ്ങളെ സാക്ഷിയാക്കി തൃശ്ശൂർ പൂരത്തിന് വിളംബരമായി. കൊച്ചിൻ ദേവസ്വം ബോർഡിൻറെ എറണാകുളം ശിവകുമാർ നൈതിലക്കാവ് അമ്മയുടെ തിടമ്പേറ്റി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നട തുറന്നു പുറത്തുവന്നതോടെയാണ് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശൂർ പൂരത്തിന് തുടക്കമായത്.

പൊരി വെയിലിനെ അവഗണിച്ച് കാത്തുനിന്ന പതിനായിരങ്ങളുടെ ആർപ്പുവിളികളുടെ ഇടയിലേക്കാണ് ഗജവീരൻ എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നു വന്നത്. രാവിലെ നെയ്തലക്കാവിൽ നിന്ന് തിടമ്പേറ്റി ഷോർണൂർ വിയ്യൂർ റോഡ് വഴി പാറമേക്കാവിൽ എത്തി. അവിടെനിന്ന് മണികണ്ഠനാലിലേക്ക്. തുടർന്ന്, പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പടിഞ്ഞാറേ ഗോപുരനട വഴി വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശേഷം തെക്കേഗോപുരനട തുറന്ന് പുറത്തേക്ക്.

പറഞ്ഞതിലും ഒരു മണിക്കൂർ വൈകിയാണ് തെക്കേഗോപുരനട തുറന്നതെങ്കിലും പതിനായിരങ്ങളാണ് പ്രിയ ഗജവീരൻ എറണാകുളം ശിവകുമാർ നൈതിലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി വരുന്നത് കാത്ത് നിന്നിരുന്നത്. തൃശൂരിൽ ഇനിയുള്ളത് പുരാവേശത്തിന്റെ മണിക്കൂറുകൾ.

