KOYILANDY DIARY

The Perfect News Portal

എല്ലാരും വരയ്ക്കുന്നു എന്ന പേരിൽ ചിത്രമേളയുമായി സർഗാത്മകമായി പ്രവേശനോത്സവം

അരങ്ങാടത്ത്: ആന്തട്ട ഗവ. യു.പി. സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ എല്ലാവരേയും സ്വീകരിച്ചത് വരയ്ക്കാനുള്ള പേപ്പറുകളും ചായക്കൂട്ടുകളുമായിരുന്നു. അഞ്ഞൂറോളം വിദ്യാർത്ഥികൾ ഒന്നിച്ചണിനിരന്നപ്പോൾ അതൊരു മഹോത്സവത്തിൻ്റെ പ്രതീതിയാണ് ഉണ്ടാക്കിയത്. മനസ്സിൽ തോന്നുന്ന സന്തോഷങ്ങളെയെല്ലാം വരയ്ക്കാനാവശ്യപ്പെട്ടപ്പോൾ അഞ്ഞൂറിൽ പരം സർഗ സൃഷ്ടികൾ രണ്ട് മണിക്കൂർ കൊണ്ട് ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
ആന്തട്ട ജിയുപിയിലെ ലിറ്റിൽ ആർടിസ്റ്റ് ഗ്രൂപ്പാണ് എല്ലാരും വരയ്ക്കുന്നു എന്ന പരിപാടിയുടെ സംഘാടകർ. എല്ലാ ചിത്രങ്ങളും ചേർത്തുവെച്ച് ആൽബം പ്രസിദ്ധീകരിക്കാനുള്ള ഒരിക്കത്തിലാണവർ. വൈവിധ്യമാർന്ന പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ  പ്രമുഖർ എന്നിവർ പങ്കെടുത്ത വർണ്ണാഭമായ ഘോഷയാത്ര, സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ തൽസമയ  സംപ്രേഷണത്തിന്റെ പ്രദർശനം, പ്രവേശനോത്സവ ഗാനാലാപനം, പപ്പറ്റ് ഷോ, മെഗാ ചിത്രമേള എന്നിവ സംഘടിപ്പിച്ചു. 
Advertisements
പ്രശസ്ത നാടക പ്രവർത്തകൻ കെ. സി. ദിലീപ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.  ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു അധ്യക്ഷത വഹിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. കെ. ജുബീഷ്, ഗ്രാമപഞ്ചായത്ത് അംഗം സുധ കാവുങ്കൽ പൊയിൽ എസ്.എം.സി. ചെയർമാൻ കെ.മധു, എസ്. എസ്. ജി. ചെയർമാൻ എം. കെ. വേലായുധൻ, പി.ടി.എ. പ്രസിഡണ്ട് എ ഹരിദാസ്, അധ്യാപകരായ കെ. ബേബീരമ, പി.ജയകുമാർ എന്നിവർ സംസാരിച്ചു.
ഭാസ്കരൻ പയ്യോളിയുടെ നേതൃത്വത്തിൽ അരങ്ങേറിയ പപ്പറ്റ് ഷോ കുട്ടികൾ ഹർഷാരവത്തോടെ സ്വാഗതം ചെയ്തു. പാവയെ ഉപയോഗിച്ച് കുട്ടികളെ സ്വീകരിക്കുന്ന അനുഭവം ഏറെ വിസ്മയവഹമായിരുന്നു.