KOYILANDY DIARY

The Perfect News Portal

വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്‌ത കെഎസ്‌യു നേതാവ്‌ മനു ജി രാജിന്റെ എൻറോൾമെൻ്റ് റദ്ദാക്കും

കൊച്ചി: വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്‌ത അഭിഭാഷകൻ കെ എസ് യു നേതാവ് മനു ജി രാജിന്റെ സന്നത്‌ റദ്ദാക്കാൻ കേരള ബാർ കൗൺസിൽ തീരുമാനിച്ചു. തിരുവനന്തപുരം വാൻറോസ്‌ ജങ്‌ഷൻ സ്വദേശിയാണ് മനു ജി. രാജ്  ഞായറാഴ്‌ച കേരള ബാർ കൗൺസിൽ ചെയർമാൻ കെ എൻ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗമാണ്‌ തീരുമാനമെടുത്തത്‌. ബാർ കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ സർട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ സന്നത്‌ എടുത്തതിനെതിരെ പൊലീസിൽ പരാതി നൽകാനും തീരുമാനിച്ചു. 2013ലാണ്‌ മനു സന്നതെടുത്തത്‌.

കെഎസ്‌യു – യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹിയും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമായിരുന്ന മനു ജി രാജിനെതിരെ വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ തട്ടിപ്പിനായി ഉപയോഗിക്കൽ, യഥാർഥമായതെന്ന പേരിൽ വ്യാജരേഖ ഉപയോഗിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകൾ ചുമത്തി സെൻട്രൽ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരുന്നു.

തിരുവനന്തപുരം മാറാനെല്ലൂർ സ്വദേശി എ ജി സച്ചിൻ നൽകിയ പരാതിയിലാണ്‌ കേസ്‌. ജനുവരി ആറിന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി എറണാകുളം സെൻട്രൽ സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

Advertisements
Advertisements

സച്ചിന്റെ സ്വത്തുതർക്കം സംബന്ധിച്ച കേസ് വാദിക്കാമെന്ന് മനു ഏറ്റിരുന്നു. ഒന്നരവർഷം കഴിഞ്ഞിട്ടും വക്കാലത്ത് എടുത്തില്ല. ഇതോടെ വിവരാവകാശ രേഖകളുടെ സഹായത്തോടെ സച്ചിൻ നടത്തിയ അന്വേഷണത്തിൽ മനുവിന്റേത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തി. തുടർന്ന് പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചു. മനുവിന്റെ കൈവശമുള്ള, ബിഹാർ മഗധ്‌ സർവകലാശാലയുടെ പേരിലുള്ള എൽഎൽബി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സച്ചിൻ ഗവർണർക്കും പരാതി നൽകിയിരുന്നു.