കളമശ്ശേരി സെൻ്റ് പോൾസ് സ്കൂളിലെ 2 വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരി സെൻ്റ് പോൾസ് സ്കൂളിലെ 2 വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടുത്ത പനി, തലവേദന, ഛർദ്ദി മുതലായ ലക്ഷണങ്ങളോടെ അഞ്ച് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ടുപേർക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്കാണ് പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നത്. രോഗലക്ഷണങ്ങളോടെ മൂന്നു കുട്ടികൾ കൂടി ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.

അതേസമയം, വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കളമശ്ശേരി സെൻ്റ് പോൾസ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു. പരീക്ഷകളും മാറ്റി വെച്ചു. ആരോഗ്യ വകുപ്പിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി സ്കൂൾ അടച്ചത്. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ആയിരിക്കും തുടർന്നുള്ള കാര്യങ്ങൾ എന്ന് സെൻ്റ് പോൾസ് സ്കൂൾ പ്രിൻസിപ്പൽ സുനിത ബിനു സാമുവൽ അറിയിച്ചു.

