സംസ്ഥാനത്ത് ഐ ടി മേഖലയിൽ അഞ്ച് ലക്ഷം പേർക്ക് തൊഴിൽ; മുഖ്യമന്ത്രി
കാട്ടാക്കട: സംസ്ഥാനത്ത് ഐ ടി, അനുബന്ധ മേഖലയിൽ പുതിയ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തുനിന്നുള്ള ഐടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തിൽനിന്നാകണം എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇലക്‌ട്രോണിക് ഹാർഡ്‌വെയർ ടെക്നോളജി ഹബ്, എമർജിങ് ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് ഐടി മേഖലയിൽ 2011–-16 കാലയളവിൽ 26,000 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടപ്പോൾ 2016–-23 കാലയളവിൽ അത് 62,000 ആണ്. 2016-ൽ 78,068 പേരാണ് സർക്കാർ ഐടി പാർക്കിൽ തൊഴിലെടുത്തിരുന്നത്. ഇന്നത് 1,35,288 ആയി ഉയർന്നു. ഐടി കയറ്റുമതി 2011–-16ൽ 34,123 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ ഏഴു വർഷംകൊണ്ട് അത് 85,540 കോടിയായി. 5,75,000 ചതുരശ്രയടിയായിരുന്ന ഐടി സ്‌പെയ്സ് 73,44,527 ആയി വർധിച്ചു.

കൊച്ചി ഇൻഫോപാർക്കിൽ ഐബിഎം സോഫ്റ്റ്‌വെയർ ലാബിൽ ഒരുവർഷംകൊണ്ട് 1000 പേർക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയുമായി കിൻഫ്ര ധാരണപത്രം ഒപ്പിട്ടു. എട്ടുമാസംകൊണ്ട് 2.17 ലക്ഷം ചതുരശ്രയടി കെട്ടിടം കൈമാറി. ഇവിടെ 3500 എൻജിനിയർമാർ ജോലി ചെയ്യുന്നു. പുതുതായി രണ്ടു ലക്ഷം ചതുരശ്രയടികൂടി അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഫോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിന്റെ ഒന്നര ലക്ഷം ചതുരശ്രയടിയിൽ ഐടി സ്‌പെയ്സ് നിർമാണം പുരോഗമിക്കുന്നു. ഇവിടെ ആയിരത്തിലധികം തൊഴിൽ ലഭ്യമാകും.

ഇൻഫോപാർക്ക് കൊച്ചി മെട്രോ റെയിൽ കോമ്പൗണ്ടിൽ അഞ്ഞൂറിലധികം പേർക്ക് തൊഴിൽ നൽകാവുന്ന സ്‌പെയ്സ് നിർമിക്കുകയാണ്. ഇൻഫോപാർക്ക് സ്വന്തമായി പുതിയ കെട്ടിടം നിർമിക്കുകയാണ്. ഇവിടെ 1500ൽ അധികം ആളുകൾക്ക് തൊഴിൽ ലഭിക്കും. അമേരിക്കൻ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ എൻഒവി, ജർമൻ ഐടി കമ്പനി അഡെസൊ എന്നിവർ ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു. കെ -സ്‌പെയ്സിന് സർക്കാർ അനുമതി നൽകി. 241 കോടിയുടെ പദ്ധതിയുടെ ഡിപിആർ പൂർത്തിയാകുന്നു. മൂന്നുവർഷത്തിനുള്ളിൽ കെ- സ്‌പെയ്സ് പ്രവർത്തനം ആരംഭിക്കും. മൂന്നു വർഷത്തിനുള്ളിൽ 15,000ത്തിലധികം സ്റ്റാർട്ടപ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഐടി കയറ്റുമതി മൂന്നുവർഷംകൊണ്ട് മൂന്നിരട്ടിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റവിചാരണ സദസ്സിനെ യുഡിഎഫ് അണികൾ തള്ളി: മുഖ്യമന്ത്രി
യുഡിഎഫ് പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സിനെ അവരുടെ അണികൾപോലും തിരിഞ്ഞു നോക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർക്കുമാത്രം അറിയാവുന്ന കാരണങ്ങളാലാണ് നവകേരള സദസ്സ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്. യുഡിഎഫ് അണികളടക്കം പതിനായിരങ്ങൾ മഞ്ചേശ്വരംമുതൽ സദസ്സിനെത്തിയത് അവർക്ക് ഷോക്കായി. അതോടെയാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. ജനം ഒഴുകിയെത്തുമെന്ന് പ്രതീക്ഷിച്ച് പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സ് ശുഷ്കിച്ചതോടെയാണ് ഇപ്പോഴുള്ള കാട്ടിക്കൂട്ടലുകൾ. ഗവർണറെ അനുകൂലിച്ച സുധാകരൻ മനസ്സിലുള്ളത് തുറന്നു പറഞ്ഞതാണ്. വർഗീയതയുമായി സമരസപ്പെട്ട് പോകുന്ന ഒരു വിഭാഗം കോൺഗ്രസിലുണ്ട്–- മുഖ്യമന്ത്രി പറഞ്ഞു.

മുളകുപൊടി പ്രയോഗം പ്രതിപക്ഷത്തിന്റെ പക
നവകേരള സദസ്സിനോടുള്ള പകയാണ് പ്രതിപക്ഷത്തെ മുളകുപൊടി പ്രയോഗത്തിലും പൊലീസിനുനേരെ ഇരുമ്പ് ഗോലിയെറിയുന്നതിലും എത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടാക്കടയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായങ്ങളെയും തൊഴിൽ സാധ്യതകളെയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന നയങ്ങൾ സ്വീകരിക്കുന്ന സർക്കാരിന് പുതുതലമുറ നൽകുന്ന പിന്തുണ ചിലരെ അസ്വസ്ഥരാക്കുകയാണ്.

സദസ്സ് ആരംഭിച്ചപ്പോൾമുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ ആക്രമണ മനോഭാവം അതിന്റെ പ്രതിഫലനമാണ്. ആദ്യം വാഹനത്തിനു മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. പിന്നീട് ബസിനുനേരെ ഷൂവെറിയുന്ന നിലയിലത്തി. സദസ്സിന്റെ പ്രചാരണത്തിനുള്ള നൂറുകണക്കിനു ബോർഡുകളും ബാനറുകളും തലസ്ഥാനത്തടക്കം തകർത്തു. ഇത്തരം നിലപാടുകൾ തിരുത്തി നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരാൻ പ്രതിപക്ഷം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ എം എസിന്
എതിരായ പ്രസ്‌താവന:
മോന്തായം
വളഞ്ഞതിന്റെ
തെളിവ്
ഇ എം എസിനെ ഗുണ്ടയെന്ന് വിശേഷിപ്പിച്ചത് കെഎസ്‌യു നേതാവിന്റെ സംസ്‌കാരവും, മോന്തായം വളഞ്ഞാൽ ബാക്കിയെന്താകുമെന്നതുമാണ് വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന് കേരളം നൽകിയ സംഭാവനയാണ് ഇ എം എസ്. ആർക്കും അഭിമാനം തോന്നുന്നതാണ് അദ്ദേഹത്തിന്റെ ധിഷണാവൈഭവം. ചെറുപ്പക്കാരനായ പൊതുപ്രവർത്തകന് എങ്ങനെയാണ് അദ്ദേഹത്തെ അധിക്ഷേപിക്കാൻ കഴിയുക. നേതൃത്വത്തിന്റെ രീതി അതായതിനാൽ ഈ പറയുന്നതിൽ അത്ഭുതമില്ല –- വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
