KOYILANDY DIARY.COM

The Perfect News Portal

പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് തള്ളി ജീവനക്കാർ; സർക്കാരാഫീസുകൾ സാധാരണ നിലയിൽ

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് തള്ളി ജീവനക്കാർ. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റടക്കം സർക്കാരാഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. സർക്കാർ തല യോഗങ്ങളും മറ്റും സുഗമമായി നടന്നു. മന്ത്രിസഭാ യോഗവും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിൽ ഭൂരിഭാഗം ജീവനക്കാരും ഹാജരായി. 3683 ജീവനക്കാരാണ് ഇന്ന് ജോലിക്കെത്തിയത്. ഇന്നലത്തെ ഹാജർ നില 3879 ആയിരുന്നു.

പൊതുഭരണ വകുപ്പിൽ 2882 ഉം ഫിനാൻസിൽ 574 ഉം ആണ് ഇന്നത്തെ ഹാജർ നില. രാവിലെ ജോലിക്കെത്തിയവരെ തടയാൻ സമരക്കാർ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങി. ജോലിക്കെത്തിയ ഭിന്നശേഷിക്കാരായ ദമ്പതികളുടെ ഇരു ചക്രവാഹനം മറിച്ചിടാൻ സമരക്കാർ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. പണിമുടക്കിനെതിരെ പ്രതിപക്ഷ സംഘടനകളിലും ഭിന്നിപ്പുണ്ടായിരുന്നു. നിയമസഭാ സെക്രട്ടറിയറ്റും സാധാരണ പോലെ പ്രവർത്തിച്ചു.

 

തലസ്ഥാനത്തെ പ്രധാന ഓഫീസ് സമുച്ചയങ്ങളായ വികാസ് ഭവൻ, പബ്ലിക്ക് ഓഫീസ്, സ്വരാജ്ഭവൻ, കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ 98% ലേറെ ഹാജർ രേഖപ്പെടുത്തി. വിവിധ ഡയറക്ടറേറ്റുകളിലേയും ജീവനക്കാർ പണിമുടക്കാഹ്വാനം തള്ളി. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം സാധാരണ നിലയിൽ പ്രവർത്തിച്ചു. പി എസ് സി അസ്ഥാനം, മേഖലാ ഓഫീസുകൾ, ജില്ലാ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും ഭൂരിപക്ഷം ജീവനക്കാരും ജോലിക്കെത്തി.

Advertisements
Share news