തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രണ്ടുതവണയായി വിജയിക്കുന്ന എൽഡിഎഫ്, ഇത്തവണയും വിജയ പ്രതീക്ഷയിലാണ്.

വിഴിഞ്ഞം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൻ നൗഷാദ് ആണ് LDF സ്ഥാനാർഥി. കെ എച്ച് സുധീർഖാൻ ആണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎയ്‌ക്കുവേണ്ടി സർവശക്തിപുരം ബിനു മത്സരിക്കുന്നുണ്ട്.വിമതർ ഉൾപ്പടെ 9 സ്ഥാനാർഥികളാണ് ഇത്തവണ മൽത്സര രംഗത്തുള്ളത്. 10 ബൂത്തുകളിലായി പതിമൂവായിരത്തിലധികം വോട്ടർമാരാണ് വാർഡിലുള്ളത്.

വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് ആണ് ഈ വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.

വോട്ടെടുപ്പിനായി തെരെഞ്ഞെടുപ്പിനു തലേ ദിവസം തന്നെ ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകളിലേക്ക് എത്തിയിരുന്നെങ്കിലും സ്ഥാനാർഥി മരിച്ചെന്ന വാർത്ത വന്നതോടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ഇതോടെ രാത്രിയോടെ തന്നെ ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകൾ പൂട്ടി മടങ്ങുകയും തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയുമായിരുന്നു.




