വയോജന ക്ഷേമം; വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
.
രാജ്യത്ത് ആദ്യമായി വയോജന ബജറ്റ് അവതരിപ്പിക്കുന്ന സംസ്ഥാനമായി കേരളം. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ‘വയോജന ബജറ്റ്’. ഇതിലൂടെ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം വയോജനങ്ങൾക്കായി ഇത്തരമൊരു പ്രത്യേക രേഖ ബജറ്റിനൊപ്പം സമർപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കേരളത്തിലെ ജനസംഖ്യയുടെ 18.7 ശതമാനം 2026-ഓടെ മുതിർന്ന പൗരന്മാരായിരിക്കും എന്ന കണക്കുകൾ മുൻനിർത്തിയാണ് സർക്കാരിന്റെ ഈ നിർണായക നീക്കം. ക്ഷേമപെൻഷന് 14,500 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ പത്തു വർഷക്കാലയളവിൽ ആകെ 90,000 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്.

രണ്ടാം പിണറായി സർക്കാർ ഇതുവരെ 48,383.83 കോടി രൂപ പെൻഷൻ ഇനത്തിൽ നൽകിക്കഴിഞ്ഞു. കാലാവധി പൂർത്തിയാകുമ്പോഴേക്കും ഇത് 54,000 കോടി രൂപയായി ഉയരും. നിലവിൽ 62 ലക്ഷം ഗുണഭോക്താക്കൾക്ക് മുടക്കമില്ലാതെ പ്രതിമാസം 2000 രൂപ വീതം സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ 30 ശതമാനം ആളുകൾക്ക്, ഏകദേശം ഒരു കോടി ജനങ്ങളുടെ കൈകളിലേക്കാണ് സർക്കാർ നേരിട്ട് സാമൂഹ്യ സുരക്ഷാ സഹായം എത്തിക്കുന്നത്.




