KOYILANDY DIARY

The Perfect News Portal

പ്രായമായവർക്ക്‌ ഒത്തുചേരാനും സമയം ചെലവഴിക്കാനും വയോജന ക്ലബ്ബുകൾ വരുന്നു

കോഴിക്കോട്‌: പ്രായമായവർക്ക്‌ ഒത്തുചേരാനും സമയം ചെലവഴിക്കാനും ജില്ലാ പഞ്ചായത്തിന്‌ കീഴിൽ വയോജന ക്ലബ്ബുകൾ വരുന്നു. ഒരു തദ്ദേശ സ്ഥാപനത്തിൽ ചുരുങ്ങിയത്‌ മൂന്ന്‌ ക്ലബ്ബുകളെങ്കിലും രൂപീകരിക്കണം. ഇതുസംബന്ധിച്ച്‌ പഞ്ചായത്തുകൾക്ക്‌ നിർദേശം നൽകാൻ ജില്ലാ പഞ്ചായത്ത്‌ യോഗം തീരുമാനിച്ചു. 50 പേരടങ്ങുന്നതാകണം ഒരു ക്ലബ്‌. അങ്കണവാടികൾ, ക്ലബ്ബുകൾ, ഡേകെയർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇവർക്ക്‌ ഒത്തുകൂടാൻ അവസരമൊരുക്കണം. ഇവരുടെ പരിചരണത്തിന്‌ 5000 രൂപ മാസ വേതനത്തിൽ കെയർടേക്കർമാരെ നിയമിക്കണം. ജില്ലാ പഞ്ചായത്തും പഞ്ചായത്തും 500 രൂപവീതം വഹിക്കണം. ബാക്കി 4000 രൂപ കുടുംബശ്രീ നൽകണം.
പദ്ധതി വിഹിതമായി 11 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത്‌ വകയിരുത്തിയതായി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ യോഗത്തിൽ അറിയിച്ചു. പട്ടികജാതി കോളനികളിൽ സമഗ്ര പദ്ധതി.ജില്ലയിലെ 40 പട്ടികജാതി കോളനികളിൽ സമഗ്ര വിസന പദ്ധതി നടപ്പാക്കും. ഇതിൽ 39 എണ്ണത്തിന്റെ സാധ്യതാപഠനം പൂർത്തിയായി. നടപ്പാത, കുടിവെള്ളം, മണ്ണ്‌ സംരക്ഷണം, കളിസ്ഥലം, ചുറ്റുമതിൽ എന്നിവ നിർമിക്കും. ഉദ്യോഗസ്ഥർ പങ്കെടുക്കണം
ജില്ലാ പഞ്ചായത്ത്‌ യോഗത്തിൽ പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നില്ലെന്ന ആക്ഷേപമുയർന്നു. പി ഗവാസാണ്‌ പരാതി ഉന്നയിച്ചത്‌. മറ്റ്‌ അംഗങ്ങളും ഇതിനെ പിന്തുണച്ചു.
ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്ന്‌ പ്രസിഡന്റ്‌ ഷീജ ശശി പറഞ്ഞു. പല യോഗങ്ങളിലും നിർവഹണ ഉദ്യോഗസ്ഥർ എത്തുന്നില്ല. ഈ സ്ഥിതി മാറണമെന്നും അവർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത്‌ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപ്പാക്കാതിരുക്കുന്ന ഉദ്യോഗസ്ഥ പ്രവണത അവസാനിപ്പിക്കണമെന്ന്‌ പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ പി ബാബു ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങാേളടുള്ള ഉദ്യോഗസ്ഥ മനോഭാവത്തിൽ മറ്റം വരണമെന്ന്‌ രാജീവ്‌ പെരുമൺപുറയും ആവശ്യപ്പെട്ടു. ആവിഷ്‌കരിക്കുന്ന പദ്ധതികൾ പരമാവധി നടപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധചെലുത്തണമെന്ന്‌ ഷീജ ശശി പറഞ്ഞു.
സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങൾ വരുമ്പോൾ പഴയവ പൊളിച്ചുമാറ്റുന്നതിന്‌ പകരം അവ നൈപുണി പരിശീലന കേന്ദ്രങ്ങളായി നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യമുയർന്നു.  വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷ എൻ എം വിമല, കൂടത്താംകണ്ടി സുരേഷ്‌, സെക്രട്ടറി ടി അഹമ്മദ്‌ കബീർ എന്നിവരും സംസാരിച്ചു.