എളാട്ടേരി അരുൺ ലൈബ്രറി വാർഷികാഘോഷം
ചെങ്ങോട്ടുകാവ്: എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികം ആഘോഷിച്ചു. അറിവിനെ ആയുധമാക്കിയാലേ അതിജീവനത്തിന് കരുത്തു നേടാനാവുകയുള്ളുവെന്നും ഒരു ഗ്രാമ ത്തിന്റെ സാംസ്‌കാരിക ഭൂമികയായ ഗ്രന്ഥ ശാലകളിലൂടെ മാത്രമേ അത് സ്വായത്തമാക്കാൻ കഴിയുകയുള്ളുവെന്നും പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പറഞ്ഞു. എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ അധ്യക്ഷത വഹിച്ചു. എസ്. എസ്. എൽ. സി, പ്ലസ് ടു, എ. പ്ലസ് വിജയികളെയും പ്രദേശത്തെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെയും എളാട്ടേരി എൽ.പി. സ്കൂൾ കലോത്സവ വിജയികളെയും ചടങ്ങിൽ ആദരിച്ചു. പൊതു ജനങ്ങൾ ലൈബ്രറിക്ക് നൽകിയ മൈക് സെറ്റും, റോസ്റ്ററും ശ്രീധരൻ നായർ അനശ്വര ലൈബ്രറിക്ക് സമർപ്പിച്ചു. ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങി.

സെക്രട്ടറി ഇ. നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ താലൂക് ലൈബ്രറി കൗൺസിൽ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി. വേണു മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, പഞ്ചായത്ത് അംഗം ജ്യോതി നളിനം, പി. ചാത്തപ്പൻ മാസ്റ്റർ, കെ. ദാമോദരൻ മാസ്റ്റർ, കെ. ധനീഷ്, പി.കെ. മോഹനൻ, കെ. ജയന്തി, വനിതാ സബ് കമ്മിറ്റി ഭാരവാഹികളായ റീന ബാലകൃഷ്ണൻ, അനുഷ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
