KOYILANDY DIARY.COM

The Perfect News Portal

പുറം കടലിൽ തീപിടിച്ച ചരക്ക് കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു; ദൗത്യം മൂന്നാം ദിവസത്തിലേക്ക്

പുറം കടലിൽ തീപിടിച്ച ചരക്ക് കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. തീ അണയ്ക്കാനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാത്രി മുഴുവൻ ദൗത്യം തുടർന്നെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. മറ്റു കണ്ടെയ്നറുകളിലേക്ക് തീ വ്യാപിക്കുന്നതാണ് തീ അണയ്ക്കുന്നതിനുള്ള പ്രധാന വെല്ലുവിളി. അതേസമയം കാണാതായ നാലുപേർക്കായുള്ള തിരച്ചിൽ തുടരുന്നു.

പൊട്ടിത്തെറിക്കുന്ന കണ്ടെയ്നറുകൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്. തീയണയ്ക്കാൻ വീണ്ടും വൈകിയാൽ കപ്പൽ മുങ്ങിയേക്കും. കോസ്റ്റ്​ഗാർഡിന്റെ ആറ് വെസ്സൽസ് തീ അണക്കാനുള്ള ശ്രമം നടത്തി വരികയാണ്. നിലവിൽ കപ്പലിലെ കണ്ടെയ്‌നറുകളിൽ പകുതിയും കത്തി നശിച്ചിട്ടുണ്ട്. വടക്കാൻ തീര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും വസ്തുക്കൾ കടൽ തീരത്ത് അടിയുകയാണെങ്കിൽ സ്പർശിക്കരുതെന്ന് മുന്നറിയിപ്പുമുണ്ട്.

 

കണ്ടെയ്നറുകളിൽ ഗുരുതര സ്വഭാവമുളള രാസവസ്തുക്കൾ ഉണ്ടെന്ന് കപ്പൽ കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു. ചരക്കുകപ്പലിലെ 140 കണ്ടെയ്നറുകളിൽ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളാണ് ഉള്ളത്. കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ നാവികരിൽ ആറു പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് . ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യൻ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കി നാല് പേരുടെ നില തൃപ്തികരമാണ്. പ്രതിരോധ നടപടിയുടെ ഭാഗമായി രക്ഷാപ്രവർത്തനത്തിന് സ്മിറ്റ് സാൽവയ്ക്ക് ഡച്ച് കമ്പനിയെ എത്തിക്കുമെന്നാണ് റിപ്പോർട്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പൽ കമ്പനി പുതിയ സജ്ജീകരണം ഒരുക്കിയത്.

Advertisements
Share news