KOYILANDY DIARY

The Perfect News Portal

കരുവന്നൂരില്‍ സിപിഐഎമ്മിനെ പ്രതിയാക്കിയത് ഇഡിയുടെ രാഷ്ട്രീയ പകപോക്കൽ; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കരുവന്നൂരില്‍ സിപിഐഎമ്മിനെ പ്രതിയാക്കിയത് ഇഡിയുടെ രാഷ്ട്രീയ പകപോക്കലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇഡി നോട്ടീസ് പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇഡിയുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതം ആണ്. തെറ്റായ നിലയിലാണ് ഇഡി കൈകാര്യം ചെയ്യുന്നത്. എല്ലാ തട്ടിപ്പും ഫലപ്രദമായി കൈകാര്യം ചെയ്തു പോകണമെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്.

പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും രാഷ്ട്രീയമായ കാരണങ്ങളാൽ പ്രതിചേർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇഡി സി പി ഐ എമ്മിനെ തന്നെ പ്രതിയാക്കാൻ ശ്രമിക്കുകയാണ്. സിപിഐഎമ്മിന് പങ്കുണ്ടെന്ന് വരുത്തിതീർത്ത് പുകമറ സൃഷ്ടിക്കുകയാണ്. കേസ് വിവരങ്ങൾ പൂർണ്ണമായും കിട്ടിയിട്ടില്ല. ഇപ്പോൾ പറയുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഓഫീസുകൾക്ക് സ്ഥലം വാങ്ങിക്കുന്നത് ജില്ലാ കമ്മിറ്റികളുടെ പേരിലാണ്. ഭൂമിയുടെ രേഖ ജില്ലാ കമ്മിറ്റി സെക്രട്ടറിയുടെ പേരിൽ ആയിരിക്കും. ഇവിടെ ഏതോ ഒരു ബ്രാഞ്ചിന്റെ പേരിൽ അക്കൗണ്ട് മരവിപ്പിച്ച് ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമം തികച്ചും തെറ്റായ രാഷ്ട്രീയ പ്രേരിതമായ നടപടിയാണ്. ബോധപൂർവ്വമായ പ്രവർത്തനം ആണെന്നും രാഷ്ട്രീയ പ്രതിയോഗികൾക്ക് മേൽ എടുക്കുന്ന സമീപനത്തിന്റെ വേറൊരു പകർപ്പാണ് എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

Advertisements