KOYILANDY DIARY

The Perfect News Portal

സഹകരണ മേഖലയെ തകർക്കാൻ ഇഡിയെ അനുവദിക്കില്ല; മന്ത്രി വി എൻ വാസവൻ

കോഴിക്കോട്‌: സഹകരണ മേഖലയെ തകർക്കാൻ ഇഡിയെ അനുവദിക്കില്ലെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജില്ലയിലെ സഹകാരികൾ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ നളന്ദയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട്‌ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന സമീപനമാണ്‌ കേന്ദ്ര സർക്കാർ തുടർച്ചയായി സ്വീകരിക്കുന്നത്‌.
രാജ്യത്തെ സഹകരണ മേഖലയിലെ ക്രെഡിറ്റ്‌ നിക്ഷേപത്തിന്റെ 71 ശതമാനവും കേരളത്തിലാണ്‌. ഇതുകൊണ്ടാണ്‌ ബഹുരാഷ്‌ട്ര, അന്താരാഷ്‌ട്ര, ദേശീയ കോർപറേറ്റുകൾ വട്ടമിട്ടുപറക്കുന്നത്‌. സ്വകാര്യ ബാങ്കുകളെയും ബ്ലേഡ്‌ കമ്പനികളെയും മൾട്ടിലെവൽ മാർക്കറ്റിങ് സൊസൈറ്റികളെയും സഹായിക്കാനാണ്‌ ശ്രമം. കോടിക്കണക്കിന്‌ രൂപയാണ്‌ പൊതുമേഖലാ ബാങ്കുകൾ കോർപറേറ്റുകൾക്ക്‌ വായ്‌പ നൽകി എഴുതിത്തള്ളിയത്‌. 
Advertisements
ജനങ്ങളുടെ നിക്ഷേപമാണ്‌ ഇത്‌. എന്നാൽ, സഹകരണ നിക്ഷേപങ്ങളിൽ ചില്ലിക്കാശുപോലും കോർപറേറ്റുകൾക്ക്‌ നൽകുന്നില്ല. അത്‌ നാടിന്റെ ആവശ്യങ്ങൾക്കും വികസനത്തിനുമാണ്‌ ഉപയോഗിക്കുന്നത്‌. സഹകരണ മേഖലയിലെ ക്രമക്കേട്‌ തടയാൻ സമഗ്ര നിയമ പരിഷ്‌കാരമാണ്‌ സർക്കാർ നടപ്പാക്കിയത്‌. 56 വകുപ്പുകൾ ഭേദഗതി ചെയ്‌തു. കരുവന്നൂർ ബാങ്കിലെ ക്രമക്കേടിൽ ശക്തമായ നടപടിയാണ്‌ സർക്കാർ സ്വീകരിച്ചത്‌. ബാങ്ക്‌ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 27 പേരെ കേസിൽ പ്രതിചേർത്തു.
18 കേസുകൾ രജിസ്‌റ്റർചെയ്‌തു. തട്ടിപ്പ്‌ നടത്തിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നടപടി സ്വീകരിച്ചു. നിക്ഷേപകർക്ക്‌ പണം തിരിച്ചു നൽകാൻ നടപടി സ്വീകരിച്ചു. ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക്‌ മടങ്ങുന്ന ഘട്ടത്തിലാണ്‌ ഇഡി രംഗത്തുവന്നത്‌. പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടാണ്‌ അവരുടെ രംഗപ്രവേശം. നീതിരഹിതമായാണ്‌ അവർ വിഷയത്തിൽ ഇടപെട്ടത്‌. ഇഡി പിടിച്ചെടുത്ത ആധാരങ്ങൾ തിരിച്ചു നൽകണമെന്ന ഹൈക്കോടതി വിധി അവർക്കേറ്റ പ്രഹരമാണ്‌. കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനാവില്ലെന്ന്‌ കാലം തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു.