രാജസ്ഥാനിലും പശ്‌ചിമ ബംഗാളിലും പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്
ന്യൂഡൽഹി: രാജസ്ഥാനിലും പശ്‌ചിമ ബംഗാളിലും പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്. തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ ശേഷിക്കവേയാണ് രാജസ്ഥാനിലെ പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ടോഡാസരയുടെ വസതിയിൽ റെയ്‌ഡ് നടത്തിയത്. വിദേശനാണ്യ വിനിമയ (ഫെമ) ചട്ട ലംഘന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിനെ ഇഡി വെള്ളിയാഴ്‌ച ചോദ്യംചെയ്യലിനായി വിളിപ്പിച്ചു.

ജയ്‌പ്പുരിലെയോ ഡൽഹിയിലെയോ ഇഡി ഓഫീസിൽ എത്താനാണ് നിർദേശം. അധ്യാപക നിയമനപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന കേസിലാണ് പിസിസി പ്രസിഡന്റിന്റെ വസതിയിലെ റെയ്‌ഡ്. തെരഞ്ഞെടുപ്പിന് മുമ്പായി പിസിസി പ്രസിഡന്റിന്റെയും മുഖ്യമന്ത്രിയുടെ മകന്റെയും അറസ്‌റ്റുണ്ടാകുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. നവംബർ 25 നാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്.


മൗറീഷ്യസിലെ വ്യാജകമ്പനി വഴി നിയമവിരുദ്ധമായി പണമൊഴുക്കി ഒരു ഹോട്ടൽ ഗ്രൂപ്പിന്റെ 2500 ഓഹരികൾ സ്വന്തമാക്കിയെന്ന കേസാണ് മുഖ്യമന്ത്രിയുടെ മകനെതിരായുള്ളത്. ഇത് പഴയ കേസാണെന്നും അച്‌ഛനെയാണ് ഇഡി ലക്ഷ്യമിടുന്നതെന്നും വൈഭവ് പ്രതികരിച്ചു.


റേഷൻവിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയത്. മല്ലിക്കിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റിന്റെ ഡംഡമ്മിലെ വീട്ടിലടക്കം എട്ട് ഫ്ലാറ്റിലും തിരച്ചിൽ നടത്തി. കേസിൽ മല്ലിക്കിന്റെ അനുയായി എന്ന് ആരോപിക്കപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഗുണ്ടായിസമെന്ന് ഗെലോട്ട്
ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്രഏജൻസികളെ ഉപയോഗപ്പെടുത്തി മോദി സർക്കാർ ഗുണ്ടായിസം കാട്ടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. മകൻ വൈഭവ് ഗെലോട്ടിനെ ഇഡി ചോദ്യംചെയ്യലിനായി വിളിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യം ആശങ്കാജനകമാണ്. കേന്ദ്രഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർടികളെ ബിജെപി സർക്കാർ വേട്ടയാടുകയാണ്–- ഗെലോട്ട് പറഞ്ഞു.
