ശിവസേന എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

ശിവസേന എംഎൽഎയും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ രവീന്ദ്ര വൈകാറിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. മുംബൈയിലെ ആഡംബര ഹോട്ടൽ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. ശിവസേനയുടെ ഇരുവിഭാഗങ്ങളിലെയും എംഎൽഎമാരെ അയോഗ്യരാക്കിയ കേസിന്റെ ഫലം നാളെ വരാനിരിക്കെയാണ് റെയ്ഡ് എന്നതും ശ്രദ്ധേയം.

ചൊവ്വാഴ്ച രാവിലെയാണ് രവീന്ദ്ര വൈകാറിന്റെ വീട്ടിൽ ഇഡി സംഘം റെയ്ഡ് നടത്തിയത്. ജോഗേശ്വരിയിലെ വസതി, ഓഫീസുകൾ, മാതോശ്രീ ക്ലബ്ബ് എന്നിവ ഉൾപ്പെടുന്ന ഏഴ് സ്ഥലങ്ങൾ പരിശോധന നടത്തി. ബിസിനസ് പങ്കാളിയുടെയും ഇടങ്ങളിലും റെയ്ഡ് നടന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമി ദുരുപയോഗം ചെയ്ത് അവിടെ ആഡംബര ഹോട്ടലും ക്ലബ്ബും സ്ഥാപിച്ചു എന്നാണ് ആരോപണം.

മുംബൈയിലെ ജോഗേശ്വരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രവീന്ദ്ര വൈകർ. വർഷങ്ങളോളം മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വിശ്വസ്തനാണ് വൈകർ.

