ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: വ്യവസായിയും ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22 ന് ഇഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്ന് ഇഡി അറിയിച്ചു. ഗോകുലം ഗോപാലനെ ഇന്നലെ ആറ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 22ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.

മൂന്നുവർഷം മുമ്പ് രജിസ്‌റ്റർ ചെയ്തതെന്ന് പറയുന്ന വിദേശ നാണയ വിനിമയച്ചട്ടം (ഫെമ) കേസിൽ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻറ് തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. അതേസമയം, വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെ ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. 2022ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണമെന്നായിരുന്നു ഇഡി വിശദീകരണം. എന്നാൽ മിന്നൽ റെയ്‌ഡ് നടത്തിയതും മണിക്കൂറുകൾ ഗോപാലനെ ചോദ്യം ചെയ്തതും ഉടനടിയുള്ള പ്രതികാര നടപടിയാണെന്ന് വ്യക്തം. ഇതിന് പിന്നാലെയാണ് 22ന് വീണ്ടും ചോദ്യം ചെയ്യുന്നത്.

