ടിബറ്റിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

ടിബറ്റ്: ടിബറ്റിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.41നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർചലനങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് എൻസിഎസ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്ചകളിൽ ടിബറ്റിൽ തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. മെയ് 8ന് ഇതേ പ്രദേശത്ത് 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ ഭൂമിയുടെ ഉപരിതലത്തോട് അടുത്ത് സംഭവിക്കുന്നതിനാൽ അവ കൂടുതൽ അപകടകരമാണ്. അതിനാൽ പ്രകമ്പനങ്ങൾ ഭൂമിയിൽ കൂടുതൽ തീവ്രമായി അനുഭവപ്പെടുമെന്നും എൻസിഎസ് അറിയിച്ചു.

2025 ഏപ്രിൽ 23 ന് ടിബറ്റിൽ പ്രദേശത്ത് തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ ഉണ്ടായി. ആദ്യത്തേത് 3.9 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഭൂചലനത്തിൽ 3.6 തീവ്രതയുള്ള ഭൂചലനമാണ് രണ്ടാമതുണ്ടായത്. രണ്ട് ഭൂചലനങ്ങളുടേയും പ്രഭവ കേന്ദ്രം 10 കിലോമീറ്റർ താഴ്ചയിലായിരുന്നു. ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ് ടിബറ്റ് സ്ഥിതി ചെയ്യുന്നത്.

ഭൂമിയിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾക്ക് സമീപമാണ് ടിബറ്റിന്റെ സ്ഥാനം. ഈ ഭീമൻ പ്ലേറ്റുകൾ പരസ്പരം നീങ്ങുന്നതിലൂടെയുണ്ടാകുന്ന സമ്മര്‍ദത്തിലൂടെയാണ് ഇടയ്ക്കിടെ പ്രദേശത്ത് ഭൂചലനം അനുഭവപ്പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

