KOYILANDY DIARY

The Perfect News Portal

ഇ.കെ. നായനാർ ദിനം ഇന്ന്. ജനനായകന്‍ ജ്വലിക്കുന്ന ഓർമയായിട്ട് ഇന്നേക്ക് 19 വർഷം

ഇ.കെ. നായനാർ ദിനം ഇന്ന്. ജനനായകന്‍ ജ്വലിക്കുന്ന ഓർമയായിട്ട് ഇന്നേക്ക് 19 വർഷം. നർമ്മബോധം വേണ്ടുവോളമുള്ള വാഗ്മി, കർഷർക്കായി പോരാടിയ ധീരനേതാവ്, സമൂഹത്തിൻ്റെ സ്പന്ദനമറിഞ്ഞ ഭരണാധികാരി തുടങ്ങിയ ഒട്ടേറെ വിശേഷണങ്ങളാണ് അദ്ദേഹത്തെക്കുറിച്ചുള്ളത്. മൂന്ന് തവണകളായി 11 വർഷത്തോളം അദ്ദേഹം കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിൻ്റെ 19-ാം ചരമ വാര്‍ഷികം വിപുലമായ പരിപാടികളോടെയാണ് സിപിഐ(എം) ആചരിക്കുന്നത്.

1919 ഡിസംബര്‍ 9 ന് കണ്ണൂര്‍ കല്യാശ്ശേരിയില്‍ മൊറാഴയില്‍ ഗോവിന്ദന്‍നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്നു മക്കളില്‍ രണ്ടാമനായാണ് ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാരുടെ ജനനം. സ്വാതന്ത്ര്യ സമര തീചൂളയില്‍ ഉരുകി തെളിഞ്ഞ ഇ കെ നായനാര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുന്‍ നിര നേതാവും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയുമായി. മൊറാഴയിലും കയ്യൂര്‍ സമരത്തിലും മുന്നണിപ്പോരാളിയായി. രാഷ്ട്രീയ എതിരാളികള്‍ പോലും നായനാര്‍ എന്ന ജന നേതാവിനെ മനസ്സ് കൊണ്ട് അംഗീകരിച്ചു. പാവങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം പുതുക്കി പണിയുന്നതിനായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത്.

2004 മെയ് 19 ന് നായനാരുടെ വിയോഗം അറിഞ്ഞത് മുതല്‍ മെയ് 21 ന് പയ്യാമ്പലത്ത് ചിത എരിഞ്ഞടങ്ങും വരെ കേരളം ഒന്നടങ്കം കണ്ണീര്‍ വാര്‍ത്തു. കേരളം ഇ കെ നായനാരെ എത്രയധികം സ്‌നേഹിച്ചിരുന്നു എന്നതിന് തെളിവായിരുന്നു വികാരനിര്‍ഭരമായ ആ യാത്രയയപ്പ്. 19ാം ചരമവാര്‍ഷിക ദിനത്തിലും ജനമനസ്സുകളില്‍ ജ്വലിച്ച് നില്‍ക്കുകയാണ് സഖാവ് ഇ.കെ നായനാര്‍

Advertisements