KOYILANDY DIARY.COM

The Perfect News Portal

DYFl സെക്കുലര്‍ മാര്‍ച്ചിന് തുടക്കമായീ

കയ്യൂര്‍ :  വര്‍ഗീയശക്തികള്‍ക്ക് താക്കീതായി ഡിവൈഎഫ്ഐ സെക്കുലര്‍ മാര്‍ച്ചിന് കയ്യൂരിന്റെ ചുവന്ന മണ്ണില്‍  തുടക്കം. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ തമ്മില്‍ത്തല്ലി ഭ്രാന്താലയമാക്കിയ ഭൂതകാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകുന്ന ശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന സന്ദേശവുമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന വടക്കന്‍മേഖലാ സെക്കുലര്‍ മാര്‍ച്ച് ചൊവ്വാഴ്ച വൈകിട്ട് കയ്യൂരില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ശുഭ്രപതാക കൈമാറി ഉദ്ഘാടനം ചെയ്തു.

“കേരളം ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി രണ്ട് മാര്‍ച്ചാണ് സംഘടിപ്പിക്കുന്നത്. തെക്കന്‍മേഖലാ മാര്‍ച്ച് 19ന് അരുവിപ്പുറത്ത്് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മാര്‍ച്ചും ഡിസംബര്‍ നാലിന് എറണാകുളത്ത് വന്‍ യുവജനറാലിയോടെ സമാപിക്കും. സമാപന സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജാണ് നയിക്കുന്ന വടക്കന്‍മേഖലാ മാര്‍ച്ച് കേന്ദ്രകമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസാണ് മാനേജര്‍. മാര്‍ച്ച് ബുധനാഴ്ച രാവിലെ കയ്യൂരില്‍നിന്ന് പ്രയാണം ആരംഭിക്കും. 11ന് ചെറുവത്തൂരിലും 12.30ന് കാലിക്കടവിലുമാണ് കാസര്‍കോട് ജില്ലയിലെ സ്വീകരണങ്ങള്‍. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. ഉദ്ഘാടനയോഗത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ എം രാജഗോപാലന്‍ അധ്യക്ഷനായി. മാര്‍ച്ച് നയിക്കുന്ന എം സ്വരാജ്, സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, മാനേജര്‍ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു.

Advertisements
Share news