KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ നടത്തുന്നത് എല്ലാ വിഭാ​ഗം ജനങ്ങൾക്കും വേണ്ടിയുള്ള സമരം; വി കെ സനോജ്

തിരുവനന്തപുരം: ഡിവൈഎഫ്ഐ നടത്തുന്നത് എല്ലാ വിഭാ​ഗം ജനങ്ങൾക്കും വേണ്ടിയുള്ള സമരമാണെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. 20ന് നടത്തുന്ന മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി കെ സനോജ്.  20 ലക്ഷത്തോളം ജനങ്ങളെ അണിനിരത്തിയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുക. നിരവധി പ്രചരണ പ്രവർത്തനങ്ങൾ ഇതിന്റെ ഭാ​ഗമായി നടത്തിയിരുന്നു.

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവ​ഗണന എന്നതാണ് ഡിവൈഎഫ്ഐ ഉയർത്തുന്ന മുദ്രാവാക്യം. റെയിൽവേ യാത്രാ ദുരിതം, കേരളത്തോടുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, നിയമന നിരോധനം എന്നിവയാണ് മുന്നോട്ടുവയ്ക്കുന്ന പ്രശ്നങ്ങൾ. വലിയ സ്വീകാര്യതയാണ് ഈ സമരത്തോട് ജനങ്ങളിൽ നിന്ന് ഉണ്ടായത്. റെയിൽവേ യാത്രാ ദുരിതത്തിനെതിരെ പല സമരങ്ങളും ഡിവൈഎഫ്ഐ നടത്തിയിട്ടുണ്ട്. റെയിൽവേ വഴി കേന്ദ്രത്തിന് ഏറ്റവുമധികം വരുമാനം നൽകുന്ന സംസ്ഥാനമാണ് കേരളം.

 

എന്നാൽ ബജറ്റിൽ കേരളത്തിന് അവ​ഗണനയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ യാത്രയ്ക്കായി ആശ്രയിക്കുന്നത് റെയിൽവേയാണ്. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാനത്തിന് നൽകുന്നില്ല. ടിക്കറ്റ് കാൻസലേഷനിലും കൊള്ളയാണ്. മുതിർന്ന പൗരൻമാരുടെ യാത്രാ ഇളവ് റദ്ദാക്കി. സ്ഥിര നിയമനം എന്ന രീതി അവസാനിപ്പിച്ചു. താൽക്കാലികമായേ എടുക്കുന്നുള്ളു. കോർപ്പറേറ്റുകളെ സംരക്ഷിക്കാനാണ് ഇത്തരം തീരുമാനങ്ങൾ. വന്ദേഭാരത് വന്നതോടെ മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നു. സാധാരണ സ്ലീപ്പർ മാറ്റി തേർഡ് എസി ആക്കുന്നു.

Advertisements

 

 

സാധാരണക്കാരന് സഞ്ചരിക്കാൻ പറ്റാത്ത രീതിയിലേക്ക് റെയിൽവേയെ മാറ്റുന്നു. കേന്ദ്രത്തിന്റെ കൊടിയ അവ​ഗണനയെ ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ല. ലക്ഷക്കണക്കിന് ഒഴിവാണ് രാജ്യത്തുള്ളത്. ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളത്. തൊഴിൽ കൊടുക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള നിയമനങ്ങൾ തന്നെ റദ്ദാക്കുന്നു. എയർ ഇന്ത്യ പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചു. സൈനിക മേഖലയിലും റിക്രൂട്ട്മെൻറുകളില്ല.

 

ഇതൊക്കെ തുറന്നു കാട്ടാനാണ് സമരം. ഇതിനെ കക്ഷി രാഷ്ട്രീയമായി കണ്ട് മാറ്റി നിർത്തേണ്ട ഒന്നല്ല. കേരളത്തോടുള്ള സാമ്പത്തിക ഉപരോധമാണ് മറ്റൊരു പ്രധാന പ്രശ്നം. സർക്കാരിനോട് പക പോക്കുകയാണ് കേന്ദ്രം. അർഹതപ്പെട്ടത് നൽകുന്നില്ല. എല്ലാ വിഭാ​ഗം ആളുകൾക്കും വേണ്ടിയുള്ള മുദ്രാവാക്യം. മുദ്രാവാക്യത്തിന്റെ കൂടെ നാട് അണിനിരക്കണം. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടങ്ങി രാജ്ഭവനു മുന്നിൽ അണി നിരക്കും. ആദ്യ കണ്ണിയായി എ എ റഹിം പങ്കാളിയാകും. പി കെ ശ്രീമതി യോ​ഗം ഉദ്ഘാടനം ചെയ്യും. അവസാനകണ്ണിയായി ഇ പി ജയരാജൻ. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എം വി ​ഗോവിന്ദൻ, എസ് രാമചന്ദ്രപിള്ള, എം എ ബേബി തുടങ്ങിയവരും കലാ സാ​ഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.

യൂത്ത് കോൺ​ഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളെ സമരത്തിൽ പങ്കുചേരാനായി ക്ഷണിച്ചിട്ടുണ്ടെന്നും വി കെ സനോജ് പറഞ്ഞു. ഇത് കേവലം കക്ഷി രാഷ്ട്രീയ പരമായ സമരമല്ല. കേരളത്തിലെ ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. വർ​ഗീയത വച്ചു പുലർത്താത്ത എല്ലാ സംഘടനകളെയും സമരത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. സമരത്തിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡണ്ട് വി വസീഫ്, ട്രഷറർ എസ് ആർ അരുൺ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Share news