KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് ആളെ കയറ്റാതെ പോയ ബസ്സുകളെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു

കൊയിലാണ്ടി: പൂക്കാട് സർവ്വീസ് റോഡിൽ കാത്തിരിക്കുന്ന യാത്രക്കാരെ കയറ്റാതെ മുകളിലത്തെ റോഡിൽകൂടി പറക്കുന്ന ബസ്സുകളെ ഡിവൈഎഫ്ഐ തടഞ്ഞു. പൂക്കാടിനും പരിസര പ്രദേശത്തുള്ള ബസ് യാത്രക്കാരാണ് ദിവസങ്ങളായി സർവ്വീസ് റോഡിൽ കാത്തിരുന്നു തിരിച്ചുപോകുന്ന അവസ്ഥ ഉണ്ടായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം യാത്രക്കാർക്ക് ഉണ്ടായിരുന്നു. ബസുകൾ മുകളിലുള്ള പുതിയ ദേശീയപാത വഴി കടന്ന് പോകുകയായിരുന്നു. ഇതോടെയാണ് ഡിവൈഎഫ്ഐ രംഗത്തിറങ്ങി ബസ്സ് തടഞ്ഞ് വെച്ചത്.
കണ്ണൂർ, വടകര, പയ്യോളി, കൊയിലാണ്ടി ഭാഗങ്ങളിൽ നിന്ന് ദീർഘദൂര ബസ്സിൽ കയറി പൂക്കാട് ഇറങ്ങി പരിസര പ്രദേശത്തേക്ക് പോവേണ്ട ആളുകളാണ് ഏറെ ബദ്ധിമുട്ടിയത്. ദേശീയ പാതയുടെ നടുവിലോ, അല്ലെങ്കിൽ തിരുവങ്ങൂരിലോ ഇറങ്ങി പൂക്കാടേക്ക് നടന്നു വരേണ്ട അവസ്ഥയായിരുന്നു. രാത്രി കാലങ്ങളിൽ കൊയിലാണ്ടി – കോഴിക്കോട് ബസ്സുകൾ കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റിൽ നിന്ന് എട്ട് മണിവരെയെ അവസാന ബസ്സ് ഉണ്ടാവുകയുള്ളു. പിന്നീട് ദീർഘദൂര ബസ്സുകളെ ആശ്രയിക്കുക മാത്രമെ രക്ഷയുള്ളൂ.
രാത്രി കാലങ്ങളിൽ പ്രായമായവരെയും, സ്ത്രീകളെയും കുട്ടികളെയും വഴിയിൽ ഇറക്കിവിടുകയൊ തിരുവങ്ങൂരിൽ ഇറക്കുകയോ ആണ് ബസ്സുകൾ ചെയ്യുന്നത്. ആർ ടി ഒ ഉൾപ്പെടെയുള്ള ട്രാൻസ്പോർട്ട് അധികാരികളും ട്രാഫിക്ക് പോലീസും എത്രയും പെട്ടെന്ന് പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടണമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വീണ്ടും സമരത്തിന് ഇറങ്ങേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞു. മേഖലാ സെക്രട്ടറി ബിജോയ് സി, പ്രസിഡണ്ട് വിപിൻ ദാസ്, സാരംഗ് പി, വൈശാഖ് കൊക്കേരി വയൽ, വൈശാഖ് തുവ്വപ്പാറ എന്നിവർ നേതൃത്വം നൽകി.
Share news