KOYILANDY DIARY

The Perfect News Portal

മഴക്കാലത്ത് സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രത്യേക പരിശോധനകൾ ശക്തമാക്കും; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

മത്സ്യ ഹാർബറുകൾ, ലേല കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, ചെക്ക്‌പോസ്റ്റുകൾ, വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി വരുന്നു. റെയിൽവേയുമായി സഹകരിച്ചും പരിശോധന നടത്തി വരുന്നു. കൂടുതൽ ശക്തമായ പരിശോധന തുടരുന്നതാണ്. ഭക്ഷ്യ വസ്തുക്കളിൽ മായം കലർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. 10,500 പേരാണ് മൂന്നാഴ്ച കൊണ്ട് ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചത്. ഈ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. 1700 ഹോട്ടലുകൾ വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ ഇടം നേടി വരുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കുന്നതിനും കഴിയുന്നു.

Advertisements

കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവൻസ് പോർട്ടലിലൂടെ മൂന്ന് മാസംകൊണ്ട് 416 പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ലഭിക്കുകയും അതിൽ 284 എണ്ണം അന്വേഷിച്ച് പരിഹരിക്കുകയും ചെയ്തു. 132 പരാതികളുടെ അന്വേഷണം പുരോഗമിച്ചു വരുന്നു.