KOYILANDY DIARY.COM

The Perfect News Portal

മഴക്കാലത്ത് വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഴക്കാലത്ത് വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. രോഗ പ്രതിരോധത്തിനായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒആര്‍എസ്, സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാക്കും. വയറിളക്കം നില്‍ക്കുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാം. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങള്‍.

 

രോഗമുണ്ടായാല്‍ ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വയറിളക്കം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒആര്‍എസ് എന്നിവ നല്‍കുന്നത് വഴി നിര്‍ജലീകരണം തടയാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്കം മൂലമുള്ള നിര്‍ജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാന്‍ ഇടയുണ്ട്. വയറിളക്ക രോഗങ്ങളുടെ ചികിത്സയില്‍ ഒആര്‍എസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ആരോഗ്യ വകുപ്പ് ഈ മാസം 15 വരെ പാനീയ ചികിത്സാ വാരാചരണം ആചരിക്കുന്നുണ്ട്‌.

Advertisements

 

ഒആര്‍എസിന്റെ പ്രാധാന്യം, ഒആര്‍എസ് തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗ പ്രതിരോധത്തില്‍ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിര്‍ജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് ഈ വാരാചരണം സംഘടിപ്പിക്കുന്നത്. വയറിളക്കമുള്ളപ്പോള്‍ ഒആര്‍എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കണം. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
· വ്യക്തിശുചിത്വം പാലിക്കുക.
· മലമൂത്ര വിസര്‍ജ്ജനം ടോയിലെറ്റുകളില്‍ മാത്രം നടത്തുക.
· ആഹാരം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
· ഭക്ഷ്യവസ്തുക്കള്‍ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കുക.
· വൃത്തിയുള്ള ഇടങ്ങളില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
· ഭക്ഷണം കഴിയുന്നതും ചൂടോടെ കഴിക്കാന്‍ ശ്രദ്ധിക്കുക.
· ആഹാര അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്. ശാസ്ത്രീയമായി സംസ്‌കരിക്കുക.
· ആഹാര, പാനീയ, വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെ വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.

Share news