കുത്തിത്തിരുപ്പിനിടെ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക് പണം ഒഴുകുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ ചെയ്യരുതെന്ന ദുഷ് പ്രചാരണങ്ങള്‍ നടക്കുമ്പോഴും, പതിനായിരകണക്കിന് മനുഷ്യരാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത്. വ്യക്തികളും വിവിധ സംഘടനകളും കഴിഞ്ഞ ദിവസവും തുകകള്‍ കൈമാറി. ഇപ്പോഴും ഇത് തുടരുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി സുമനസുകളാണ് ഓരോ ദിവസവും തുക കൈമാറുന്നത്. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായത്തിനൊപ്പം അനവധിയായ മനുഷ്യരുടെ ചെറുസഹായങ്ങളും ദിനംപ്രതി ദുരിതാശ്വാസനിധിയിലേക്ക് എത്തുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന് ഒരുലക്ഷം രൂപയും, അദ്ദേഹത്തിന്റെ ഭാര്യ കെ കമല 33,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സിപിഐഎം എംഎല്‍എമാര്‍ ഒരു മാസത്തെ വേതനമായ 50,000 രൂപ വീതവും, സിപിഐഎം എംപിമാര്‍ ഒരുമാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ വീതവും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

ദേശാഭിമാനി ദിനപത്രത്തിലെ ജീവനക്കാരും, മുഹമ്മദ് അലി, സീഷോര്‍ ഗ്രൂപ്പും 50 ലക്ഷം രൂപ വീതം സംഭാവന ചെയ്തു. ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് 20 ലക്ഷം രൂപയും, അല്‍ മുക്താദിര്‍ ഗ്രൂപ്പ്, തൃക്കാക്കര സഹകരണ ആശുപത്രി, പള്ളുരുത്തി സര്‍വീസ് സഹകരണ ബാങ്ക്, കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് എന്നിവ 10 ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സാഹിത്യകാരന് ടി പത്മനാഭന്, സിനിമാതാരം ജോജു ജോര്‍ജ്, ഗായിക റിമി ടോമി എന്നിവര്‍ 5 ലക്ഷവും സംഭാവന ചെയ്തു.

കോട്ടയത്തെ സര്‍ക്കാര്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി യൂണിയന് സ്വരൂപിച്ച 45,000 രൂപ, പുതുശ്ശേരി കതിര്‍കാമം മണ്ഡലം എംഎല്‍എ കെ പി എസ് രമേഷ് ഒരു മാസത്തെ ശമ്പളതുകയായ 48,450 രൂപയും, മുന്‍ എംപി എ.എം ആരിഫ് ഒരു മാസത്തെ പെന്ഷന് തുകയായ 28,000 രൂപയും, മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകന് ഇഷാന് വിജയ് – 12,530 രൂപയും, പ്രശസ്ത സിനിമാതാരവും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി പി കുഞ്ഞി കൃഷ്ണന്‍മാസ്റ്റര്‍ ഒരുമാസത്തെ പെന്ഷന് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ഇതിനൊപ്പം കമ്മല്‍ വിറ്റും, കുടുക്ക പൊട്ടിച്ചും നിരവധിയായ ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. നൂറുകണക്കിന് റെസിഡൻറ്സ് അസോസിയേഷനുകളും നിധിയിലേക്ക് പണം നൽകിക്കൊണ്ടിരിക്കുകയാണ്.
