രാമനാട്ടുകരയിൽ വീണ്ടും ലഹരിവേട്ട; നാല് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ വീണ്ടും ലഹരിവേട്ട. ഗുഡ്സ് ഓട്ടോയിൽ വിൽപനക്കായി കൊണ്ടു വന്ന നാല് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം സ്വദേശി കൊളത്തൂർ പടപറമ്പ് കപോടത്ത് ഹൗസിൽ മുനീർ കെ (34) നെ ആണ് പിടികൂടിയത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ് ഐ ആർ എസ് വിനയൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് പിടികൂടിയത്.

ഫറോക്ക്, രാമാനാട്ടുകര ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കളെയും, വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരത്തിൽ ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വിപണിയിൽ ഗ്രീൻസ് എന്ന പേരിൽ അറിയപ്പെടുന്ന രണ്ട് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം 105 ഗ്രാം എം ഡി എം എയുമായി ബി.ബി.എ വിദ്യാർത്ഥി മലപ്പുറം സ്വദേശി ശ്രാവൺ സാഗറിനെ രാമാനാട്ടുകര ഫ്ലൈ ഓവറിനു താഴെ വെച്ച് പിടി കൂടിയിരുന്നു.

ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ ബസ്സ്റ്റാറ്റുകൾ വിദ്യാലയങ്ങളുടെ പരിസരം റെയിൽവെ സ്റ്റേഷൻ പരിസരം, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി ഡാൻസാഫിൻ്റെ നിരീക്ഷണം ഉണ്ടാകുമെന്നും, ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും, വിൽപനക്കാരെയും പിടികൂടുമെന്നും നാർക്കോടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ ബോസ് പറഞ്ഞു. ഡാൻസാഫ് എസ്. ഐ മാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്മാൻ കെ, എ.എസ്.ഐ അനീഷ് മൂസേൻവീട്, അഖിലേഷ് കെ, ശ്രീശാന്ത് എൻ.കെ, അഭിജിത്ത് പി, അതുൽ ഇ.വി, ഫറോക്ക് സ്റ്റേഷനിലെ സനൂപ്, സുമേഷ്, ശന്തനു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
