KOYILANDY DIARY.COM

The Perfect News Portal

ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം; വളാഞ്ചേരിയില്‍ 9 പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്

മലപ്പുറം വളാഞ്ചേരിയില്‍ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയിലാണ് ഒരാള്‍ക്ക് എച്ച്‌ഐവി ബാധയുള്ളതായി കണ്ടെത്തിയത്. പിന്നീട് എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്.

ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവെച്ചതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ രോഗം പകര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഒന്‍പത് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരില്‍ പലരും വിവാഹിതരാണെന്നും കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തി വരികയാണെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു.

 

വളാഞ്ചേരിയിലെ എച്ച്‌ഐവി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരാനിരിക്കുകയാണ്. തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. എച്ച്‌ഐവി സ്ഥിരീകരിച്ചതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലിനായി എത്തിയവരും ഉണ്ടെന്നാണ് വിവരം. പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടില്‍ വിശ്രമിക്കാനാണ് ഡോക്ടേഴ്‌സ് ഇവരോട് നിലവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Advertisements
Share news