നടേരി കാവുംവട്ടത്ത് മയക്കു മരുന്ന് വിൽപ്പന സംഘത്തിൻ്റെ അക്രമം: 5 പേർക്ക് പരിക്ക്
കൊയിലാണ്ടി: നടേരി കാവുംവട്ടത്ത് മയക്കു മരുന്ന് വിൽപ്പന സംഘത്തിൻ്റെ അക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. മയക്ക് മരുന്ന് വിൽപ്പന ചോദ്യം ചെയ്തതിനാണ് ഇന്നലെ രാത്രി പത്ത് മണിയോടെ മയക്ക് മരുന്ന് വിൽപ്പന സംഘം അക്രമം അഴിച്ച് വിട്ടത്. അക്രമണത്തിൽ മമ്മിളി മീത്തൽ സജിത്ത്, ഗീപേഷ്, അരുൺ ഗോവിന്ദ് എന്നിവർക്കും രണ്ട് സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

വീടിന് സമീപത്ത് വെച്ച് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പിന്നാലെ മാരക ആയുധങ്ങളുമായി എത്തിയ ലഹരി വിൽപ്പന സംഘം സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അക്രമിക്കുകയായിരുന്നു. കാവുംവട്ടം പ്രദേശത്ത് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി വിൽപ്പന നടത്തുന്ന സംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയത്.

കുരുന്നൻ കുന്നുമ്മൽ അരുൺ, പുത്തൻപറമ്പിൽ അതുൽ, ഓടക്കൽ ഫായിസ്, റിഷാദ് മഞ്ഞളാടുകുന്ന്, പയർ വീട്ടിൽ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ കൊയിലാണ്ടി പോലീസിന് കൊടുത്ത പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
