KOYILANDY DIARY.COM

The Perfect News Portal

ഡോ. വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ക്ലിനിക് ഒരുങ്ങുന്നു

ആലപ്പുഴ: സാധാരണക്കാർക്ക് വേണ്ടി തൃക്കുന്നപ്പുഴയിൽ ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആ​ഗ്രഹം സഫലമാകുന്നു. വന്ദനയുടെ പേരിൽ മാതാപിതാക്കളായ കെ.ജി മോഹൻദാസും ടി. വസന്തകുമാരിയും ചേർന്നാണ് ക്ലിനിക് നിർമ്മിക്കുന്നത്. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി കരുതി വച്ചിരുന്ന പണമുപയോ​ഗിച്ചാണ് ക്ലിനിക് പണിയുന്നത്.

തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് നിർമ്മിക്കുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാൻ ഡോ. വന്ദനയ്ക്കു താൽപര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറഞ്ഞു. ഇവിടുത്തെ നാട്ടുകാർക്കായി ക്ലിനിക് പണിയണമെന്നും വന്ദന മാതാപിതാക്കളോട് ആ​ഗ്രഹം പറഞ്ഞിരുന്നു.

 

കെട്ടിടത്തിന്റെ നിർമാണം 70 ശതമാനത്തോളം പൂർത്തിയായി. മുൻപുണ്ടായിരുന്ന കെട്ടിടം പുതുക്കിയാണ് ക്ലിനിക്ക് പണിയുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരിക്കെയാണ് വന്ദന കൊല്ലപ്പെട്ടത്. ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കായി പൊലീസ് എത്തിച്ച ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Advertisements
Share news