ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാല വി സിമാരായി ഡോ. സജി ഗോപിനാഥും ഡോ. സിസാ തോമസും ഇന്ന് ചുമതലയേൽക്കും
.
ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിൽ വി സിമാരായി ഗവർണർ നിയമിച്ച ഡോ. സജി ഗോപിനാഥ്, ഡോ. സിസാ തോമസ് എന്നിവർ ഇന്ന് ചുമതലയേൽക്കും. കഴിഞ്ഞ ദിവസമാണ് വിസിമാരെ നിയമിച്ച് കേരള ലോക്ഭവൻ ഉത്തരവിറക്കിയത്. സുപ്രീംകോടതി നേരിട്ട് വി സി നിയമനം നടത്താനിരിക്കെയാണ് ഗവർണർ നിയമന ഉത്തരവിറക്കിയത്. നിയമനം നടത്തിയ കാര്യം ജസ്റ്റിസ് ധൂലിയ കമ്മിറ്റി ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ശേഷം നാളെ സുപ്രീംകോടതി അന്തിമ ഉത്തരവ് നൽകും.

സ്ഥിരം വി സിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് ആയിരുന്നു പറഞ്ഞിരുന്നത്. ഈ ബുധനാഴ്ചയ്ക്കുള്ളില്‍ ഓരോ പേരുകള്‍ വീതം നല്‍കാന്‍ സുപ്രീം കോടതി സുധാന്‍ശു ധൂലിയ കമ്മിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഒരു പേര് മാത്രം സീല്‍ വെച്ച കവറില്‍ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത വ്യാഴാഴ്ചയ്ക്കകം പേര് നല്‍കാനാണ് നിര്‍ദേശം നൽകിയത്. അതിനിടെയാണ് ഇപ്പോൾ ഗവർണർ വി സി നിയമന ഉത്തരവിറക്കിയിരിക്കുന്നത്.




