KOYILANDY DIARY.COM

The Perfect News Portal

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് അപ്പീൽ നൽകുമെന്ന് ഡോ. വന്ദനദാസിന്റെ പിതാവ്

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് അപ്പീൽ നൽകുമെന്ന് ഡോ. വന്ദനദാസിന്റെ പിതാവ് മോഹൻ ദാസ്. 20 തവണ കേസ് മാറ്റിവെച്ചു. സിബിഐ അന്വേഷണം വേണമെന്നും സർക്കാർ എന്തിനാണ് എതിർക്കുന്നതെന്നും പിതാവ് ചോദിച്ചു. നാലര മണിക്കൂർ മകൾക്ക് ചികിത്സ ലഭിച്ചില്ല. എഫ്ഐആറിൽ പ്രശ്നങ്ങളുണ്ട്. സംഭവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. മകൾ രക്ഷിക്കണമെന്ന് പറഞ്ഞിട്ടും ആരും സഹായിച്ചില്ല. പൊലീസിൻ്റെ സാന്നിധ്യത്തിലുണ്ടായ കൊലപാതകമാണ്. അവരെ മാറ്റിനിർത്തി അന്വേഷിക്കുന്നത് എങ്ങനെയാണെന്നും പിതാവ് ചോദിച്ചു.

പൊലീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞാൽ തെറ്റ് പറയാനാകില്ല. മകൾക്ക് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല. പൊലീസും ഹോം ഗാർഡും ഒന്നു ചെയ്തില്ല. ഒരു മണിക്കൂറോളം മകൾ ഒറ്റയ്ക്ക് ഇരിക്കേണ്ടി വന്നു. മകൾ തന്നെയാണ് ഒരു ജീപ്പിൽ കയറിയത്. കൂടെയുള്ളവർ പോലും സഹായിച്ചില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിൻ്റെ കയ്യിലുള്ള രേഖ മാത്രമാണ് ഇപ്പോഴുള്ളത്. മറ്റ് കാര്യങ്ങൾ പുറത്ത് വരണമെങ്കിൽ വിശദമായ അന്വേഷണം വേണം. അരമണികൂർ കൊണ്ട് എത്തേണ്ട ആംബുലൻസ് ഒന്നര മണിക്കൂർ എടുത്തു ആശുപത്രിയിൽ എത്താൻ.

 

ആശുപത്രി സംരക്ഷണ ബിൽ ഉണ്ടാക്കിയതിലും സംശയമുണ്ട്. മകളുടെ ജീവന് വിലയിടാൻ പറ്റില്ല. പൊലീസിന് വീഴ്ചയുണ്ടായി. പൊലീസുകാരും പ്രതികളാണ്. കോടതിയിൽ തെളിവ് നൽകേണ്ടത് പൊലീസാണ്. ആശുപത്രി ജീവനക്കാരും പൊലീസും കൂട്ടുനിന്നുവെന്നും എഫ്ഐആർ മുഴുവൻ തെറ്റാണെന്നും പിതാവ് ആരോപിച്ചു. ഇന്നലെയാണ് ഡോക്ടർ വന്ദനയുടെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്. കേസിലെ ഏക പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.

Advertisements
Share news