KOYILANDY DIARY.COM

The Perfect News Portal

ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടം നേടി ഡോ. മഞ്ജു കുര്യൻ

കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയുടെ ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടം നേടി ഡോ. മഞ്ജു കുര്യൻ. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പലാണ് മഞ്ജു കുര്യൻ. പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണപ്രബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് നേട്ടം. നാനോ വസ്തുക്കളുടെ ഉൽപ്പാദനം, സംസ്കരണം, ഉപയോഗം എന്നിവ സംബന്ധിച്ച ഗവേഷണപഠനങ്ങളിലാണ് ഡോ. മഞ്ജു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

2005-ലാണ് എംഎ കോളേജിൽ അസി. പ്രൊഫസറായി രസതന്ത്രവിഭാഗത്തിൽ പ്രവേശിക്കുന്നത്. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവന നൽകിയിട്ടുള്ള ഗവേഷകയും ഒരു പേറ്റന്റിന്‌ ഉടമയുമാണ് ഡോ. മഞ്ജു കുര്യൻ. കോതമംഗലം എംഎ എൻജിനിയറിങ് കോളേജ് അധ്യാപകൻ പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിൻറെ ഭാര്യയാണ്. വിദ്യാർത്ഥിനികളായ അഞ്ജലി, അലീന എന്നിവർ മക്കളാണ്. അന്തർദേശീയ അംഗീകാരം ലഭിച്ച ഡോ. മഞ്ജു കുര്യനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസിൻറെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

 

Share news