ദേശാഭിമാനി സാഹിത്യ പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ഡോ. എം ലീലാവതി
കൊച്ചി: ദേശാഭിമാനി സാഹിത്യ പുരസ്‌കാര തുകയിൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ ദീപ്‌തസാന്നിധ്യമായ ഡോ. എം ലീലാവതി. കളമശേരി കുസാറ്റ് സെമിനാർ ഹാളിൽ പകൽ 11ന് നടന്ന ചടങ്ങിലാണ് ഭാഷയ്‌ക്കും സാഹിത്യത്തിനും അമൂല്യ സംഭാവനകൾ നൽകിയ ലീലാവതി ടീച്ചറിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സമർപ്പിച്ചത്. മൂന്നുലക്ഷം രൂപയും കാരയ്‌ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്‌ത ഫലകവുമാണ് സമ്മാനിച്ചത്.
പുരസ്കാരസ്വീകരണത്തിനു ശേഷം സംസാരിക്കവേയാണ് പുരസ്കാരത്തുകയിൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചത്. ബാക്കി തുക മുൻപ് സഹായം ചോദിച്ചവർക്കായി നൽകു മെന്നും ലീലാവതി ടീച്ചർ പറഞ്ഞു. ഈ ബഹുമതിയുടെ മഹത്വം കൊണ്ടാണ് താൻ സന്തോഷിക്കുന്നതെന്നും എല്ലാവരുടെയും നല്ല വാക്കുകൾക്ക് നന്ദി പറയുന്നതായും ഡോ. എം ലീലാവതി പറഞ്ഞു. ഡോ. എം ലീലാവതിയുടെ വാക്കുകളെ നിറഞ്ഞ ചിരി യോടെയും കയ്യടിയോടെയുമാണ് മുഖ്യമന്ത്രിയും സദസും വേദിയും സ്വീകരിച്ചത്.

ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, മന്ത്രി പി രാജീവ്, എം മുകുന്ദൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സംഘാടകസമിതി ചെയർമാൻ എസ് സതീഷ് എന്നിവർ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു. എം ടി വാസുദേവൻനായർ, ടി പത്മനാഭൻ, അടൂർ ഗോപാലകൃഷ്‌ണൻ, എം മുകുന്ദൻ, പ്രൊഫ. എം കെ സാനു എന്നിവരാണ് മുമ്പ് പുരസ്‌കാരത്തിന് അർഹരായത്.




