KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ എയിംസ് വിഷയത്തിലും പാർലമെന്റ് നടപടികളിലും കേന്ദ്ര സർക്കാരിനെതിരെയും സുരേഷ് ഗോപിക്കെതിരെയും രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം. പി

.

കേരളത്തിലെ എയിംസ് വിഷയത്തിലും പാർലമെന്റ് നടപടികളിലും കേന്ദ്ര സർക്കാരിനെതിരെയും സുരേഷ് ഗോപിക്കെതിരെയും രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം. പി രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെയുള്ള അർഹത കേരളത്തിനില്ലേ എന്ന് ചോദിച്ച അദ്ദേഹം, എല്ലാവർക്കും കിട്ടിയ ശേഷം കേരളത്തിന് എയിംസ് കിട്ടിയാൽ മതി എന്നതാണോ സുരേഷ് ഗോപിയുടെ നിലപാടെന്നും ആരാഞ്ഞു. മുൻപ് എയിംസ് കെട്ടിടത്തിന് അടിക്കേണ്ട ചായം വരെ നിശ്ചയിച്ചിരുന്ന സുരേഷ് ഗോപി ഇപ്പോൾ പരാജയങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഓരോന്ന് പറയുന്നതെന്നും, കേന്ദ്രത്തിലുള്ളവർ അദ്ദേഹത്തെക്കൊണ്ട് വേഷം കെട്ടിക്കുകയാണെന്നും ബ്രിട്ടാസ് പരിഹസിച്ചു.

 

ആരോഗ്യരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന കേരളത്തോട് കേന്ദ്രം കുറച്ചുകൂടി മര്യാദ കാണിക്കണമെന്നും, 2026-ൽ ലോകം അവസാനിക്കുമെന്ന് സുരേഷ് ഗോപി കണ്ടെത്തിയ വിചിത്രമായ കാര്യങ്ങൾ പരിഗണിക്കേണ്ട സമയത്ത് പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റ് നടപടികളിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന ജനാധിപത്യ വിരുദ്ധതയെയും ബ്രിട്ടാസ് ശക്തമായി അപലപിച്ചു. സഭ കൃത്യമായി നടത്തിക്കൊണ്ടുപോകാൻ സർക്കാരിന് താല്പര്യമില്ലെന്നും ചില വാക്കുകൾ സഭയിൽ പ്രയോഗിക്കുന്നതിനും ഇന്ത്യ-യുഎസ് കരാർ, എപ്സ്റ്റൈൻ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും വിലക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Advertisements

 

സ്വന്തം പാർലമെന്റ് അംഗങ്ങളെപ്പോലും വിശ്വാസമില്ലാത്ത കേന്ദ്രത്തിന് തങ്ങൾ അവതരിപ്പിച്ച ബജറ്റ് ഒന്നിനും കൊള്ളില്ലെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. വാണിജ്യം, വിദേശകാര്യം, ഗ്രാമീണ വികസനം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അതിന് തയ്യാറാകാത്തത് സഹകരണ മനോഭാവമില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

അതേസമയം, ഉത്തരാഖണ്ഡിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ വർഗീയതയ്ക്കെതിരെ നിലകൊണ്ട മുഹമ്മദ് ദീപക്കിന് ലഭിക്കുന്ന അത്ഭുതകരമായ പിന്തുണ സ്വാഗതാർഹമാണെന്ന് ബ്രിട്ടാസ് പറഞ്ഞു. കലാപകലുഷിതമായ സാഹചര്യത്തെ ധീരമായി നേരിട്ട ദീപക് വെറുപ്പിന്റെ ഈ കാലത്ത് ഒരു വലിയ പ്രകാശ കിരണമായി മാറിയിരിക്കുകയാണെന്നും മനുഷ്യത്വത്തിന്റെ ഈ മാതൃകയ്ക്ക് ലഭിക്കുന്ന ജനപിന്തുണ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share news