ഡോ. വന്ദനാദാസ് കൊലപാതക കേസിൻറെ വിചാരണയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു
കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതക കേസിൻറെ വിചാരണയുടെ പ്രാരംഭ നടപടികള്‍ കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെച്ച് വിചാരണ നടത്തുന്നതിനായി അന്വേഷണോദ്യോഗസ്ഥൻറെ റിപ്പോര്‍ട്ട് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി പി. എന്‍.വിനോദ് മുമ്പാകെ ഹാജരാക്കി.

പ്രതി സന്ദീപിനെയും ഹാജരാക്കിയിരുന്നു. ഇനി കേസിന്റെ തുടര്‍നടപടികള്‍ ഈ കോടതി മുമ്പാകെ ആയിരിക്കും. പ്രതിക്കെതിരേ ഹാജരാക്കിയിട്ടുള്ള കുറ്റങ്ങളെക്കുറിച്ചും തെളിവുകളെക്കുറിച്ചും കോടതിയില്‍ വിവരിക്കുന്ന നടപടികള്‍ക്കായി കേസ് 11-ലേക്ക് മാറ്റി. 2023 മേയ് 10-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.


ചികിത്സയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നെന്നാണ് കേസ്. ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കൊല്ലപ്പെടുന്ന കേരളത്തിലെ ആദ്യസംഭവവുമാണിത്. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാൽ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നില്ല. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍ സിസിന് ജി.മുണ്ടയ്ക്കല്‍ ഹാജരായി.

