അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും വെട്ടിയ മാര്‍ഗ നിര്‍ദേശക് മണ്ഡൽ മോദിക്ക് ബാധകമല്ലെ ?
75 ആകുമ്പോഴേക്കും അദ്വാനിയേയും ജോഷിയെയും, മോദിയും സംഘവും ഒഴിവാക്കി. ഇന്ന് നരേന്ദ്ര മോദിക്ക് 75 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഉയരുന്ന ചോദ്യം മാര്‍ഗ നിര്‍ദേശക് മണ്ഡലിനെ കുറിച്ചാണ്. 75 വയസില്‍ വിരമിക്കണമെന്ന നിര്‍ദേശത്തിലൂടെയായിരുന്നു എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവരെ മോദിയും അമിത് ഷായും ഒരു വ്യാഴവട്ടക്കാലം മുൻപ് ഒഴിവാക്കിയത്. ഇന്ന് മോദിക്ക് 75 വയസാകുമ്പോള്‍ ഇതേ ചോദ്യം തന്നെയാണ് ഉയരുന്നതും. 75 പിന്നിടുന്ന വേളയിലും അധികാരത്തിൽ കടിച്ചുതൂങ്ങുകയാണ് മോദി.

2014ലാണ് ബി ജെ പി മാര്‍ഗനിര്‍ദേശക് മണ്ഡല്‍ കൊണ്ടുവരുന്നത്. അന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഏറെ സാധ്യത കല്പിക്കപ്പെട്ടിരുന്ന എല്‍ കെ അദ്വാനിയെയും മുതിർന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെയും ഒഴിവാക്കി പാര്‍ട്ടിയില്‍ അധികാരം പിടിച്ചെടുക്കുകയായിരുന്നു മോദി, അമിത് ഷാ ഉള്‍പ്പെടെയുള്ള കൂട്ടുകെട്ടിന്റെ ലക്ഷ്യം.

ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ് തികയുമ്പോള്‍ ഉയരുന്ന ചോദ്യവും മാര്‍ഗനിര്‍ദേശക് മണ്ഡല്‍ മോദിക്ക് ബാധകമല്ലേ എന്നാണ്. 75 വയസെന്ന പ്രായപരിധിയില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, സുമിത്ര മഹാജന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തിയത്. 75 വയസ് കഴിഞ്ഞാല്‍ വിരമിക്കുകയും, മറ്റുള്ളവര്‍ക്ക് വഴി മാറിക്കൊടുക്കുകയും ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം.

അമിത് ഷാ 2019ല്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നത് പോലും 75 വയസ് പിന്നിട്ടെന്ന പേരില്‍ എല്‍ കെ അദ്വാനിയെ മാറ്റിനിര്‍ത്തിയാണ്. ഇതേ കാരണം പറഞ്ഞായിരുന്നു മുരളി മനോഹര്‍ ജോഷിയെയും ഒഴിവാക്കിയത്. ഒരു ഘട്ടത്തില്‍ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് പോലും 75 വയസില്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും പിന്നീട് മലക്കം മറിയേണ്ടി വന്നു.

അടുത്ത വര്‍ഷം രാജ്നാഥ് സിങിനും 75 വയസ് തികയുകയാണ്. എല്‍ കെ അദ്വാനിയെ ഉള്‍പ്പെടെ മാറ്റിനിര്‍ത്താന്‍ അവതരിപ്പിച്ച മാര്‍ഗനിര്‍ദേശക മണ്ഡല്‍ എന്തായാലും വലിയ ചോദ്യങ്ങള്‍ക്കാണ് വഴിവെക്കുന്നത്. പാര്‍ട്ടിയില്‍ അധികാര കേന്ദ്രമാകാന്‍ മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി മാര്‍ഗ നിര്‍ദേശക് മണ്ഡല്‍ കൊണ്ടുവന്നു 11 വര്‍ഷം പിന്നിടുമ്പോള്‍ അതിനെ തള്ളിക്കളഞ്ഞു അധികാരത്തില്‍ പിടിച്ചു നില്‍ക്കാനുള്ള നീക്കങ്ങള്‍ തന്നെയാണ് മോദി നടത്തുന്നതെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.



