KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഐഎംഎയുടെ നിലപാട്. കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും ഐഎംഎ അറിയിച്ചു. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടിച്ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ അടിച്ചു തകര്‍ത്തിരുന്നു. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ചികിത്സ വൈകിപ്പിച്ചിട്ടാണെന്നും ഇതാണ് പ്രകോപനത്തിന് കാരണമെന്നും രോഗിയുടെ ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ പി.കെ അശോകനെ രോഗിയുടെ ബന്ധുക്കൾ മർദിച്ചത്. ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു മർദനം. താൻ ചികിത്സിക്കാത്ത രോഗിയുടെ ബന്ധുക്കളാണ് തന്നെ മർദിച്ചതെന്ന് ഡോക്ടർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ പൊലീസ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്.

Advertisements
Share news