KOYILANDY DIARY.COM

The Perfect News Portal

താലൂക്കാശുപത്രിയിലെ ഡോക്ടർമാർ എച്ച്.എം.സി. തീരുമാനങ്ങൾ അട്ടിമറിക്കുന്നു

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഡോക്ടർമാർ എച്ച്.എം.സി. തീരുമാനങ്ങൾ അട്ടിമറിക്കുന്നതായി പരാതി. തലേ ദിവസം ഒ.പി. ഡ്യൂട്ടി അറിയിക്കണമെന്നുള്ള എച്ച്.എം.സി തീരുമാനമാണ് ഡോക്ടർമാർ അട്ടിമറിക്കുന്നത്. ആശുപത്രി സൂപ്രണ്ടും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. അവധി ദിവസങ്ങളിൽ ജനറൽ ഒ.പി മാത്രമേ പ്രവർത്തിക്കുയൂള്ളൂ എന്നാണ് തീരുമാനമെങ്കിലും അതും അട്ടിമറിക്കപ്പെടുകയാണ്. ഇതോടെ രോഗികൾ വലയുന്നതോടൊപ്പം കൌണ്ടറിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും തലവേദനയായിരിക്കുകയാണ്. 

ഡ്യൂട്ടി ഡോക്ടർമാരെയും ഒ.പി വിവരങ്ങളും അന്വേഷിക്കാനായി ഓഫീസിലെ ഫോണിലേക്ക് വിളിക്കുമ്പോൾ കൃത്യമായ വിവരം നൽകാൻ സാധിക്കാത്തത് കാരണം ജീവനക്കാർക്കാണ് ഏറെയും പഴി കേൾക്കുന്നത്. നിർത്താത്ത ഫോൺകോളുകൾ ജീവനക്കാർക്ക് ഡ്യൂട്ടിയെടുക്കാൻ പ്രയാസമായിരിക്കുകയാണ്. ഫോണെടുത്താൽ ജീവനക്കാരെ ചീത്തവിളിക്കുന്നതും നിത്യ സംഭവമായിരിക്കുകയാണ്.

ഇപ്പോൾ തലേ ദിവസം പോയിട്ട് രാവിലെ 8 മണി ആയാൽപോലും ഡ്യൂട്ടി അറിയിക്കാതെ ഡോക്ടർമാർ ഗുരുതരമായ കൃത്യവിലോപമാണ് കാണിക്കുന്നത്. ഇതിനെതിരെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഡ്യൂട്ടി സമയങ്ങളിൽ ചായ കുടിക്കാൻ പോകുന്ന ഡോക്ടർമാർ സ്റ്റാഫ് റൂമിൽ കഥപറഞ്ഞിരുന്ന് മണിക്കൂറുകൾ വൈകുന്നതും കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. നൂറുകണക്കിന് രോഗികൾ ക്യൂ നിൽക്കുമ്പോഴാണ് ഡോക്ടർമാർ ഇത്തരം ആത്മാർത്ഥതയില്ലാത്ത സമീപനം തുടരുന്നത്. നഗരസഭ അധികൃതരും എം.എൽ.എ.യും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

Advertisements
Share news