മൊബൈൽ ഫോണും പെര്‍ഫ്യൂമും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമോ? വിശദീകരണവുമായി ഓങ്കോളജിസ്റ്റ്
.
കാന്‍സര്‍ രോഗത്തെക്കുറിച്ചും അത് മനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ധാരാളം തെറ്റിദ്ധാരണകള്‍ ആളുകള്‍ക്കിടയിലുണ്ട്. നല്ല ഭക്ഷണം കഴിച്ചിട്ടും ചിട്ടയായ ആരോഗ്യശീലങ്ങള്‍ പിന്തുടര്‍ന്നിട്ടും എന്തുകൊണ്ടാണ് കാന്‍സര്‍ വരുന്നത് എന്നത് പലരേയും ആശങ്കയിലാക്കുന്ന കാര്യമാണ്. മൊബൈല്‍ ഫോണിന്റെ ഉപയോഗം, പെര്‍ഫ്യൂമുകളഉടെ ഉപയോഗം, ജീവിതശൈലി ഇവയൊക്കെ കാന്‍സറിന് കാരണമാകും എന്നുള്ള വാദങ്ങളെക്കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നത് എന്ന് ഇന്‍ഡോറിലെ എസ്എച്ച്ജി കാന്‍സര്‍ സെന്ററിലെ കണ്‍സള്‍ട്ടന്റ് – സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. നയന്‍ ഗുപ്ത വ്യക്തമാക്കുന്നു.

പെര്‍ഫ്യൂമുകളും ഡിയോഡറന്റുകളും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമോ?
പാരബെന്‍സ് അല്ലെങ്കില്‍ അലുമിനിയം സംയുക്തങ്ങള്‍ പോലെയുള്ള ചില രാസ വസ്തുക്കള്‍ അടങ്ങിയ പെര്‍ഫ്യൂമുകളും ഡിയോഡറന്റുകളും ഉപയോഗിക്കുന്നത് കൊണ്ട് സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണ് ആളുകള്‍ കരുതുന്നത്. ഇത്തരം സംയുക്തങ്ങള്‍ ഹോര്‍മോണ്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയോ വിയര്‍പ്പിലൂടെ വിഷ വസ്തുക്കള്‍ പുറത്തേക്ക് പോകുന്നത് തടയുമെന്നും കരുതുന്നു. എന്നാല്‍ പെര്‍ഫ്യൂമുകളും ഡിയോഡറന്റുകളും കാന്‍സര്‍ ഉണ്ടാക്കുന്നു എന്നതിന് നേരിട്ടുള്ള ബന്ധം തെളിയിക്കാന്‍ ഒരു പഠനത്തിനും കഴിഞ്ഞിട്ടില്ല. എന്നാല്‍ പുകയില, മദ്യം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ ദോഷകരമായ കാര്യങ്ങള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട് എന്നത് വാസ്തവമാണ്.

മൊബൈല്‍ ഫോണുകളും റേഡിഷനും കാന്‍സര്‍ ഉണ്ടാക്കുമോ?
മൊബൈല്‍ ഫോണുകള്‍ റേഡിയോ ഫ്രീക്വന്‍സി (RF) വികിരണം പുറപ്പെടുവിക്കുന്നവായാണ്. ഈ വികിരണങ്ങള്‍ അര്‍ബുദകാരികളാകാന്‍ സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു. എന്നാല്‍ എക്‌സറേകളും ഗാമകിരണങ്ങളും ചെയ്യുന്നതുപോലെ രാസബന്ധനങ്ങള്‍ തകര്‍ക്കുന്നതിനോ DNA തന്മാത്രയില്‍ മാറ്റം വരുത്താനോ മൊബൈല്‍ഫോണ്‍ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വന്‍സി വികിരണത്തിന് മതിയായ ഊര്‍ജ്ജമില്ല. ലോകാരോഗ്യ സംഘടന, നാഷണല്‍ കാന്‍സര്‍ ഇന്‍സിസ്റ്റിയൂട്ട് തുടങ്ങിയ പ്രധാന ആരോഗ്യ സംഘടനകള്‍ സെല്‍ഫോണുകളും കാന്‍സറുമായി ബന്ധമില്ലെന്ന് അവകാശപ്പെടുന്നു. എന്നാലും ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നതും സ്പീക്കര്‍ മോഡില്‍ ഫോണ്‍ ഉപയോഗിക്കുന്നതും പോലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്.

ജീവിതശൈലിയും കാന്‍സറും
ജീവിതശൈലി ഘടകങ്ങളാണ് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാന്‍ ഏറ്റവും വലിയ കാരണമെന്ന് ശാസ്ത്രീയ തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ട്. പുകവലി, മദ്യപാനം, മോശം ഭക്ഷണക്രമം, ശരീരവ്യായാമങ്ങള്‍ ഇല്ലാതിരിക്കുക തുടങ്ങിയ ഘടകങ്ങള്‍ ലോകത്തിലെ 40 ശതമാനം കാന്‍സറുകള്‍ക്കും കാരണമാകുന്നുണ്ട്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുക, സമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയ അലസമായ ജീവിതശൈലി പിന്തുടരുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു. പഴങ്ങള്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ സമീകൃത ആഹാരം, പതിവായുളള വ്യായാമങ്ങള്‍ എന്നിവയിലൂടെ കാന്‍സര്‍ സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
പെര്‍ഫ്യൂമുകളെയും ഫോണിന്റെ റേഡിയേഷനേയും ഭയക്കുന്നതിന് പകരം ജീവിത ശൈലിയില്‍ നല്ല മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഇതിനായി പുകവലി, പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം, എന്നിവ ഒഴിവാക്കുകയും സമീകൃത ആഹാരം കഴിക്കുകയും ചെയ്യേണ്ടതാണ്.



