കണ്ണൂര്‍ കീഴറ വാടക വീടിനുള്ളിലെ സ്ഫോടനം; കേസെടുത്ത് പൊലീസ്

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വാടക വീടിനുള്ളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ കേസെടുത്ത് പൊലീസ്. എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്. അനൂപ് മാലിക് എന്നയാളാണ് സ്‌ഫോടനമുണ്ടായ വീട് വാടകക്ക് എടുത്തത്. ഇയാള്‍ക്കെതിരെയാണ് പൊലീസ് എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം നിലവില്‍ കേസെടുത്തിരിക്കുന്നത്. 2016-ല്‍ പൊടിക്കുണ്ട് വീട്ടിലുണ്ടായ സ്‌ഫോടനത്തിലെ പ്രതിയാണ് അനൂപ് മാലിക്. പൊടിക്കുണ്ട് വീട്ടിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഒരു വർഷത്തിന് മുൻപാണ് അനൂപിന് വീട് വാടകയ്ക്ക് നൽകിയതെന്ന് വീട്ടുടമയുടെ ഭാര്യ ദേവി പറഞ്ഞു.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്.

വീട്ടില്‍ ഇരുചക്രവാഹനങ്ങളില്‍ ആളുകള്‍ വന്നുപോകുന്നതായി കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ താമസിക്കുന്ന ആളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അധികമൊന്നും അറിയില്ല. വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം തകര്‍ന്ന നിലയിലാണ്. വീടിന്റെ ഒരു ചെറിയ ഭാഗം ഒഴികെ മറ്റെല്ലാം തകര്‍ന്നു.

