KOYILANDY DIARY

The Perfect News Portal

ജില്ലാ സഹകരണ ആശുപത്രി സുവർണ ജൂബിലി നിറവിൽ.

എരഞ്ഞിപ്പാലം ജില്ലാ സഹകരണ ആശുപത്രി സുവർണ ജൂബിലി നിറവിൽ. 50 വർഷംമുമ്പ്‌ വാടക കെട്ടിടത്തിൽ 25 കിടക്കകളുമായി പ്രവർത്തനം തുടങ്ങിയ ആശുപത്രി ഇന്ന്‌ ജില്ലയിലെ പ്രധാന ചികിത്സാ കേന്ദ്രമാണ്‌. അത്യാധുനിക സൗകര്യങ്ങളും ചികിത്സയുമായി  മുന്നേറുന്ന ആശുപത്രിയുടെ സുവർണ ജൂബിലി എട്ടുമാസം നീളുന്ന  പരിപാടികളോടെയാണ്‌ ആഘോഷിക്കുന്നത്‌. സുവർണ ജൂബിലി ആഘോ ഷ ഉദ്‌ഘാടനം 24ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ആശുപത്രിയിൽ ആരംഭിക്കുന്ന സ്പോർട്സ് മെഡിസിൻ  വിഭാഗം  ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദും സ്‌പൈൻ സർജറി ക്ലിനിക് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബും ഉദ്ഘാടനംചെയ്യും.
കാർഡിയോ തൊറാസിക് സർജറി വിഭാഗം, നൂറുകിടക്കകളുള്ള  കെട്ടിടം, അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ന്യൂറോ സർജറി വിഭാഗം തുടങ്ങിയവയുടെ ഉദ്ഘാടനങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. 50 മെഡിക്കൽ ക്യാമ്പുകൾ, ഡയാലിസിസ് യൂണിറ്റ് വികസനം, ഡയാലിസിസ് രോഗികളുടെ കൂട്ടായ്മ, ആദ്യകാല ജീവനക്കാരുടെ സംഗമം, സഹകരണ സെമിനാർ, പുസ്തകപ്രകാശനം, സഹകരണ ആശുപത്രി കോൺക്ലേവ്‌, കലാ കായികമത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും.
Advertisements
ആശുപത്രിയിൽ നൂറിലധികം ഡോക്ടർമാരും 600 ജീവനക്കാരും 8032 അംഗങ്ങളുമുണ്ട്‌. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, ഡോക്ടർമാരുടെ ബിരുദാനന്തരബിരുദ പഠനകേന്ദ്രം, നഴ്സിങ്‌ സ്കൂൾ എന്നിവയും  പ്രവർത്തിക്കുന്നു. വാർത്താസമ്മേളനത്തിൽ ചെയർമാൻ പ്രൊഫ. പി ടി അബ്ദുൾ ലത്തീഫ്‌, ഭരണസമിതി അംഗങ്ങളായ എ കെ രമേശ്ബാബു, അഡ്വ. കെ ജയരാജൻ, അഡ്വ. പി വി ഹരി, ടി വി ശോഭ, കെ രേണുകാദേവി, ടി സി ബിജുരാജ്, ടി പി ശ്രീധരൻ, സിഇഒ എ വി സന്തോഷ് കുമാർ, മെഡിക്കൽ ഡയറക്ടർ ഡോ.അരുൺ ശിവശങ്കർ  എന്നിവർ പങ്കെടുത്തു.