കെപിസിസി പുനസംഘടനയിലെ അതൃപ്തി. മുതിര്‍ന്ന നേതാക്കളും എ-ഐ ഗ്രൂപ്പുകളും പ്രതിഷേധത്തില്‍.

കെപിസിസി പുനസംഘടനയിലെ അതൃപ്തി. മുതിര്‍ന്ന നേതാക്കളും എ-ഐ ഗ്രൂപ്പുകളും പ്രതിഷേധത്തില്‍. കെപിസിസിയുടെ പുതിയ നേതൃനിര ചുമതലയേറ്റ ശേഷം എ ഗ്രൂപ്പിന്റെ രഹസ്യയോഗം എം എം ഹസ്സന്റെ വസതിയില്‍ ചേര്‍ന്നതായി സൂചന. സമ്പൂര്‍ണ പുനസംഘടനയിലും തഴയപ്പെടുമെന്ന ആശങ്കയിലാണ് അതൃപ്ത വിഭാഗമെന്നാണ് സൂചന. മതിയായ ചര്‍ച്ച നടത്താതെയുള്ള നേതൃമാറ്റ പ്രഖ്യാപനത്തില്‍ ഗ്രൂപ്പിന് അതീതമായി ഏവര്‍ക്കും പ്രതിഷേധമുണ്ട്. വി.എം.സധീരന്റെ വാക്കുകളില്‍ അത് വ്യക്തം.

കെ.സുധാകരനെ മാറ്റുമെന്ന ചര്‍ച്ചയില്‍ നിന്ന് പൊടുന്നനെ അധ്യക്ഷനടക്കം മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും യുഡിഎഫ് കണ്‍വീനറിനെയും മാറ്റി. ഇതോടെ എം.എം.ഹസന്റെ പദവി തെറിച്ചു. എ ഗ്രൂപ്പിന്റെ നായകന്‍ ബെന്നി ബെഹ്നാനെയും വെട്ടി. മാത്രമല്ല വര്‍ക്കിംഗ് പ്രസിഡന്റ്പദവി പ്രതീക്ഷിരുന്ന വി.എസ്.ശിവകുമാര്‍, ഡീന്‍ കുര്യാക്കോസ്, മാത്യൂ കുഴല്‍നാടന്‍ തുടങ്ങിയവരെയും തഴഞ്ഞു. മാത്രമല്ല താരതമ്യേന ജൂനിയര്‍മാരായ ഹാഫി പറമ്പിലും വിഷ്ണുനാഥും വര്‍ക്കിംഗ് പ്രസിഡണ്ട് പദവിയില്‍ എത്തിയതോടെ ഇനി മുതിര്‍ന്ന നേതാക്കളുടെ സാധ്യതയും അടഞ്ഞൂ.
കൊടിക്കുന്നില്‍ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പന്തളം സുധാകരന്‍, ചെറിയാന്‍ ഫിലിപ്പ്, രാജ് മോഹന്‍ ഉണ്ണിത്താന്‍, എം.കെ. രാഘവന്‍, കെ.സി. ജോസഫ്, ടിഎന്‍. പ്രതാപന്‍, ടി.സിദ്ദിക്ക് എന്നിവര്‍ക്കും സാധ്യതകള്‍ മങ്ങി. ഇനി കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും സമ്പൂര്‍ണ പുനസംഘന ഉടന്‍ ഉണ്ടാകും. 13 ഡിസിസി അധ്യക്ഷന്‍മാരെയും മാറ്റും. അവിടെയും തഴയപ്പെടുന്നവരുടെ നിര വര്‍ധിക്കും. കൂടിയാലോചന ഇല്ലാതെ കെസി വേണുഗോപാല്‍ വിഭാഗത്തിന്റെ വെട്ടി നിരത്തല്‍ എന്നാണ് പരക്കെയുള്ള ആക്ഷേപം. മാത്രമല്ല മാത്യൂ കുഴല്‍നാടനെ തഴഞ്ഞതില്‍ കെസിയൂടെ ഗ്രൂപ്പിനുള്ളിലും ആഭ്യന്തര കലഹമുണ്ട്.

അതേസമയം ഹസനെതിരായ നീക്കം എ ഗ്രൂപ്പിനോടുള്ള അവഗണനയായാണ് ഗ്രൂപ്പ് നേതൃത്വം വിലയിരുത്തുന്നത്. കെപിസിസി ഭാരവാഹികള്‍ ചുമതല ഏറ്റതിന് പിന്നാലെ എം എം ഹസ്സന്റെ വസതിയില്‍ ചേര്‍ന്ന എ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തില്‍ പുനഃസംഘടനയിലെ വിയോജിപ്പ് ചര്‍ച്ചയായെന്നാണ് വിവരം. സ്വന്തം നില ഭദ്രമാക്കുന്നതിനായി ഗ്രൂപ്പ് സംവിധാനങ്ങളെ ഉപയോഗിച്ച യുവ നേതാവിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്നും നേതാക്കള്‍ യോഗത്തില്‍ തുറന്നടിച്ചു. പുറമേ എ ഗ്രൂപ്പെന്ന് പ്രചരിപ്പുക്കുകയും രഹസ്യമായി അന്തര്‍ധാരകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന നേതാക്കളോട് മൃദു സമീപനം വേണ്ടെന്നാണ് തീരുമാനം. കൂടാതെ വരാനിരിക്കുന്ന ഡിസിസി പുനഃസംഘടനയില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ നിലപാട് കടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.

