KOYILANDY DIARY.COM

The Perfect News Portal

ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു

ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. വിസിയുടെ പ്രായപരിധി, സെർച്ച് കമ്മിറ്റി എന്നിവ ഉൾപ്പെട്ടതാണ് ബിൽ. മുഖ്യമന്ത്രിക്ക് വേണ്ടി വ്യവസായ മന്ത്രി പി രാജീവ് ആണ് ബില്ല് അവതരിപ്പിച്ചത്. സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടാൽ വൈസ് ചാൻസലർ യോഗം വിളിക്കണം എന്ന് നിഷ്കർഷിക്കുന്ന ബില്ല്, സ്വകാര്യ കൈവശമുള്ള അധികം ഭൂമി ക്രമവത്കരിക്കുന്നതു ഉൾപ്പെടെയുള്ള ബില്ലുകൾ ആണ് ഇന്ന് സഭയിൽ അവതരിപ്പിക്കപ്പെട്ടത്.

വന്യമൃഗ ശല്യം നേരിടുന്ന ആദിവാസി വിഭാഗങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് വനംവകുപ്പും പട്ടികജാതി വകുപ്പുമായി ചേർന്ന് നടപടികൾ സ്വീകരിക്കുന്നതായി മന്ത്രി കെ. രാജൻ വ്യക്തമാക്കി. ആദിവാസികളായ മനുഷ്യരുടെ ജീവിത പ്രശ്നം ചർച്ച ചെയ്യുമ്പോൾ സഭ തടസ്സപ്പെടുത്തുന്നത് ആദിവാസികളോടുള്ള അവഹേളനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. 2025ലെ സർവകലാശാല നിയമ ഭേദഗതി ബിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടാൽ ഏഴു ദിവസത്തിനകം യോഗം വിളിച്ചു ചേർക്കണം എന്നത് ഉൾപ്പെടെയാണ് പുതിയ വ്യവസ്ഥകൾ.

 

അതേസമയം ഇന്ന് അവതരിപ്പിച്ച സുപ്രധാന ബില്ലുകൾ നിയമസഭ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച കൂടാതെയാണ് ആറ് ബില്ലുകളും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. ഈ സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യർത്ഥന ചർച്ചകളും സഭയിൽ നടന്നു. പ്രതിപക്ഷം തുടർച്ചയായി ബഹളം വെച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Advertisements
Share news