KOYILANDY DIARY.COM

The Perfect News Portal

ഡിജിറ്റൽ തട്ടിപ്പ്; അറസ്‌റ്റിലായവർക്കെതിരെ മറ്റ്‌ സംസ്ഥാനങ്ങളിലും സൈബർ കേസുകൾ

ഡിജിറ്റൽ അറസ്‌റ്റിലായെന്ന്‌ ഭീഷണിപ്പെടുത്തി കാക്കനാട്‌ സ്വദേശിനിയിൽ നിന്ന്‌ 4 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്‌റ്റിലായവർക്കെതിരെ മറ്റ്‌ സംസ്ഥാനങ്ങളിലും സൈബർ കേസുകൾ. കോഴിക്കോട്‌ സ്വദേശി കെ പി മിഷാബിനും മലപ്പുറം സ്വദേശി മുഹമ്മദ്‌ മുഫസലിനുമെതിരെയാണ് മറ്റ്‌ സംസ്ഥാനങ്ങളിൽ പരാതിയുള്ളതായി കണ്ടെത്തിയത്. രാജ്യവ്യാപകമായി 450 അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് സംഘം പണമിടപാടുകള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കോഴിക്കോട്‌ സ്വദേശി കെ പി മിഷാബിനെയും മലപ്പുറം സ്വദേശി മുഹമ്മദ്‌ മുഫസലിനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. രാജ്യവ്യാപകമായി സംഘം തട്ടിപ്പ് നടത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. പിടിയിലായ രണ്ടു പേര്‍ക്കെതിരെയും മറ്റ് സംസ്ഥാനങ്ങളില്‍ സൈബര്‍ കേസുകള്‍ നിലവിലുള്ളതായാണ് കണ്ടെത്തല്‍.

 

ഡിജിറ്റൽ അറസ്‌റ്റ്‌ അടക്കമുള്ളവയുടെ പേര്‌ പറഞ്ഞായിരുന്നു തട്ടിപ്പെന്നും സൂചനയുണ്ട്‌. ഇതിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ്‌ ശേഖരിച്ച്‌ വരികയാണ്‌. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന്‌ പൊലീസ്‌ സംശയിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ്‌ ഉണ്ടാകുമെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളിലെ സൈബർ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിൽ നിന്ന്‌ കെ പി മിഷാബിന്റെയും മുഹമ്മദ്‌ മുഫസലിന്റെയും അക്കൗണ്ടുകളിലേയ്‌ക്ക്‌ പണം വന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Advertisements

 

ഇരുവരുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചു വരികയാണ്‌. രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായി 450 അക്കൗണ്ടുകള്‍ വഴി 650 ഇടപാടുകള്‍ നടന്നുവെന്നാണ് കണ്ടെത്തല്‍. വാടകയ്ക്കെടുക്കുന്ന അക്കൗണ്ടുകള്‍ വഴിയായിരുന്നു ഇടപാടുകള്‍. വാടകയ്ക്ക് നല്‍കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് കമ്മീഷന്‍ നല്‍കിയതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുപേരെയും കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കൊച്ചി സൈബര്‍ പൊലീസിന്റെ പ്രതീക്ഷ.

Share news