KOYILANDY DIARY.COM

The Perfect News Portal

രഞ്ജിതയ്ക്കെതിരെ സമൂഹമാധ്യമത്തിൽ മോശം പരാമർശം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പൊലീസാണ് എ. പവിത്രനെ താലൂക്ക് ഓഫീസിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഹോസ്ദുർഗ് പൊലീസിന് കൈമാറും. എ. പവിത്രനെ ജില്ലാ കളക്ടർ അടിയന്തരമായി സസ്പെൻഡ് ചെയ്തിരുന്നു. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ ര‍ഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ പങ്കുവെച്ചത്. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.

കേരള സർക്കാർ ജോലിയിൽനിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റിൽ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികൾ എന്നെഴുതി പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

മുൻപ് കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ. ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്. ഇതിന് പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്റ്റും പങ്കുവെച്ചത്.

Advertisements
Share news