ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിനോദ സഞ്ചാരവകുപ്പ്
ന്യൂഡൽഹി: പുതുവർഷത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിനോദ സഞ്ചാരവകുപ്പ്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച കേരള ടൂറിസം പാർട്ണർഷിപ് മീറ്റിൽ സംസ്ഥാന സർക്കാർ വിജയകരമായി ആരംഭിച്ച കാരവാൻ ടൂറിസം, ഹെലി ടൂറിസം തുടങ്ങിയ ആശയങ്ങൾ അവതരിപ്പിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള കൂടുതൽ സഞ്ചാരികളെ ആകർക്കാൻ ലക്ഷ്യമിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ടൂറിസം ഡയറക്ടർ പി ബി നൂഹ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിക്കും. ഇതിനായി 50 ലക്ഷംരൂപ പഞ്ചായത്തുകൾക്ക് നൽകും. പഞ്ചായത്ത് ഫണ്ടിൽനിന്നോ സ്വകാര്യ പങ്കാളികളിൽനിന്നോ ബാക്കി 40 ശതമാനം തുക കണ്ടെത്തണം. ഉത്തരവാദിത്ത ടൂറിസം വിപുലീകരണം, നൂതന ടൂറിസം സർക്യൂട്ടുകൾ സൃഷ്ടിക്കൽ, കോഴിക്കോട് കേന്ദ്രമാക്കി എഴുത്തുകാരുടെ മ്യൂസിയം തുടങ്ങി പുതിയ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. തരംഗമാകുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റാനും പദ്ധതിയുണ്ട്.

