ഉഷ്ണതരംഗത്തില്‍ വെന്തുരുകി ദില്ലി; കുടിവെള്ള ക്ഷാമം രൂക്ഷം

ഉഷ്ണതരംഗത്തില്‍ വെന്തുരുകി ദില്ലി. അതിനിടെ കുടിവെള്ളപ്രശ്‌നത്തിലും പരിഹാരമാകാത്തതില്‍ ആശങ്കയിലാണ് ദില്ലി നിവാസികള്‍. കനത്ത ചൂടില്‍ വെന്തുരുകുന്ന രാജ്യതലസ്ഥാനത്ത് ഇന്നും റെഡ് അലര്‍ട്ടാണ്. 46 ഡിഗ്രി താപനിലയാണ് ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരുന്നതിനാൽ കടുത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കടുത്ത ചൂടില്‍ കൂടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നതും ജനങ്ങളെ വലയ്ക്കുന്നുണ്ട്. മണിക്കൂറോളം ടാങ്കര്‍ ലോറികള്‍ക്കായി കാത്തിരുന്ന് വെള്ളം ശേഖരിച്ചിട്ടും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പ്രദേശ വാസികൾക്ക് വെള്ളം തികയാത്ത അവസ്ഥയാണ്. ദാഹമകറ്റാന്‍ പൊതുയിടങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎമ്മുകള്‍ വറ്റി വരണ്ട നിലയിലാണ്.

കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ തമ്മിലടിക്കുമ്പോഴും പരസ്പരം പഴിചാരി രാഷ്ട്ട്രീയസംവാദങ്ങളിലും പ്രതിഷേധങ്ങളിലുമാണ് നേതാക്കള്‍. ദില്ലിക്കാവശ്യമായ വെള്ളം ഹരിയാന നല്‍കാത്തതിലും വിമർശനവും ശക്തമായിരിക്കെ, കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകാത്തത് ദില്ലിയെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

