ദില്ലി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; മൂന്നാമത്തെ കാറും കണ്ടെത്തി അന്വേഷണ സംഘം
.
രാജ്യത്തെ നടുക്കിയ ദില്ലി ചെങ്കോട്ട സ്‌ഫോടനത്തിൽ, പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഇതോടെ മരണസംഖ്യ പതിമൂന്നായി ഉയർന്നു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സായിലായിരുന്ന ബിലാൽ എന്ന വ്യക്തിയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോർട്ടം പിന്നീട് നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ പരുക്കേറ്റ നിരവധി പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അതേസമയം, സംഭവത്തിൽ വിവിധ അന്വേഷണ ഏജൻസികളും പൊലീസും രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്.

അന്വേഷണത്തിൽ ഫരീദാബാദ് സംഘത്തിന്റെ മൂന്നാമത്തെ കാറും കണ്ടെത്തിയിട്ടുണ്ട്. മാരുതി ബ്രെസ്സ കാറാണ് കണ്ടെടുത്തത്. ഡോ. ഷഹീന്റെ പേരിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർ ജോലി ചെയ്തിരുന്ന അൽ ഫലാഹ് സർവ്വകലാശാലയിൽ നിന്നാണ് കാർ കണ്ടെടുത്തത്. പ്രതികൾ ആകെ അഞ്ചു കാറുകൾ വാങ്ങിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ശേഷിക്കുന്ന കാറുകൾ കൂടി കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.




