KOYILANDY DIARY.COM

The Perfect News Portal

ഡൽഹി സ്ഫോടനം: പ്രതികൾ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാമെന്ന് എൻഐഎ

.

സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളർ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാമെന്ന് എൻഐഎ. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർത്ഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യമുള്ളത്. സ്ഫോടനക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉമർ നബിയുടെ കൂട്ടാളി അമിര്‍ റഷീദിനെ എൻഐഎ കശ്മീരിലേക്ക് കൊണ്ടു പോകും. ബോംബ് നിർമിക്കാൻ അമീർ റഷീദ് ഉമറിനെ സഹായിച്ചതായി കണ്ടെത്തി.

 

ഇതിനിടെ ഫരീദാബാദിലെ അൽഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം വിളിച്ചുവരുത്തി. യുജിസിയും നാക്-ഉം ചൂണ്ടിക്കാട്ടിയ തട്ടിപ്പും ക്രമക്കേടുകളും സംബന്ധിച്ചാണ് അന്വേഷണം. അതിനിടെ ഡൽഹി സ്ഫോടനത്തിൽ ലഷ്കർ- ഇ- തയ്ബ ബന്ധം പരിശോധിക്കുകയാണ് ഏജൻസികൾ. സ്ഫോടനത്തിന് ബംഗ്ലാദേശുമായി ബന്ധം ഉണ്ടെന്നാണ് സംശയം. ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ബോംബ് ആക്രമണം തന്നെയെന്ന് എൻഐഎ സ്ഥിരീകരിച്ചു.

Advertisements

 

ലഷ്‌കർ ഭീകരൻ സൈഫുള്ള സൈഫിന്റെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.‌ കാറിൽ ഘടിപ്പിച്ചിരുന്ന ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്ന ഡോക്ടർ ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹി സ്ഫോടനക്കേസ് ഏറ്റെടുത്ത ശേഷം എൻഐഎ നടത്തുന്ന ആദ്യ അറസ്റ്റ് ആണ് ഇത്. സ്ഫോടക വസ്തുക്കൾ നിറച്ച ഐ -20 കാർ രജിസ്റ്റർ ചെയ്തിരുന്നത് അമീർ റാഷിദിന്റെ പേരിലാണ്.

 

നേരത്തെ തയ്യാറാക്കിയ ആ ചാവേറാക്രമണ പദ്ധതി അനുസരിച്ചാണ് അമീർ ഡൽഹിയിലെത്തി, കാർ വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം കേസിൽ കൊൽക്കത്ത ജയിലിൽ കഴിയുന്ന മൂന്നുപേരെ എൻഐഎ ചോദ്യം ചെയ്തു. യുഎപിഎ കേസുകളിൽ ജയിലിൽ കഴിയുന്നവരെയാണ് ചോദ്യം ചെയ്തത്. 2020 അറസ്റ്റിലായ താനിയ പർവീന് ഡൽഹി സ്ഫോടനത്തിലുള്ള ബന്ധവും പരിശോധിക്കുന്നു. നിലവിൽ ആലിപ്പൂർ വുമൺസ് കറക്ഷൻ ഹോമിലുള്ള പർവിന് മൗലാന മസൂദ് അസറിന്റെ സഹോദരി സൈദ അസറുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഡൽഹി കേസിൽ അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദുമായുള്ള ഇവരുടെ ബന്ധം അന്വേഷിച്ചു വരികയാണ്.

Share news